ആഗോളാടിസ്ഥാനത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്ത്. ചൈന മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 2019 ല്‍ 158 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചതായാണ് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടിലുള്ളത്.
ഷവോമി അടക്കമുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ വിപണിയിലെ മികച്ച ഇടപെടലാണ് അമേരിക്ക പിന്നിലാവാന്‍ കാരണം.തുടര്‍ച്ചയായ രണ്ടാം വട്ടമാണ് ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഷവോമി ഒന്നാമതെത്തുന്നത്. 28 ശതമാനം വിപണി വിഹിതമുണ്ട് ഷവോമിക്ക്. സാംസങിന് 21 ശതമാനവും. വിവോ 16 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്.
റിയല്‍മി കഴിഞ്ഞ തവണത്തേതില്‍ നിന്ന് നില വന്‍തോതില്‍ മെച്ചപ്പെടുത്തി. 2018 ല്‍ മൂന്ന് ശതമാനം മാത്രമായിരുന്നു റിയല്‍മിയുടെ വിപണി വിഹിതം. 2019 ല്‍ പത്ത് ശതമാനത്തിലെത്തി.
ചൈനീസ് ബ്രാന്റുകള്‍ മാത്രം ഇന്ത്യയില്‍ 72 ശതമാനം വിപണി സ്വാധീനം നേടി. കഴിഞ്ഞ വര്‍ഷം ഇത് 60 ശതമാനമായിരുന്നു. അതേസമയം ഫീച്ചര്‍ ഫോം മാര്‍ക്കറ്റില്‍ 42 ശതമാനം വില്‍പ്പന ഇടിഞ്ഞു. റിലയന്‍സ് ജിയോയുടെ കടന്നുവരവാണ് ഈ മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.