gnn24x7

പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണ; കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

0
818
gnn24x7

കൊച്ചി: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണയ്ക്ക് ഇരയാക്കിയ എട്ടു വയസുകാരിക്ക് ഒന്നരലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നു ഹൈക്കോടതിയുടെ ഉത്തരവ്. നഷ്ടപരിഹാരം നൽകണമെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് എട്ടുവയസുള്ള പെൺകുട്ടി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന പാലന ചുമതലയില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും കോടതി ഉത്തരവിലുണ്ട്. ജില്ലാ പൊലിസ് മേധാവി ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം എന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ജനങ്ങളുമായി ഇടപെടുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥയ്ക്ക് പ്രത്യേക പരിശീലനം നൽകണം. കോടതി ചെലവായി 25000 രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവിലുണ്ട്. പെൺകുട്ടിയെ പൊലീസ് ഉദ്യോഗസ്ഥ വിചാരണ ചെയ്യുന്നതിന്റെ വിഡിയോ ഉൾപ്പടെ പരിശോധിച്ചാണ് കോടതി അന്തിമ നിലപാടിലേക്ക് എത്തിച്ചേർന്നത്.

gnn24x7