ശ്രീഗംഗാനഗർ: ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് അമ്മയെ മകൻ അടിച്ചുകൊന്നു. രാജസ്ഥാനിലെ ശ്രീ ഗംഗനഗര്‍ ജില്ലയിലെ ചുനാവദ് ഗ്രാമത്തിലാണ് സംഭവം. കേസില്‍ കൃഷ്ണ കുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്റെ ആക്രമണത്തില്‍ ബിന്ദ്ര കൗര്‍ ആണ് കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ തനിക്ക് ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് കൃഷ്ണ കുമാര്‍ അമ്മയുമായി വഴക്കായി. വഴക്ക് മൂര്‍ച്ഛിക്കുകയും പ്രതി മാരകായുധം ഉപയോഗിച്ച് ബിന്ദ്ര കൗറിനെ മര്‍ദ്ദിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിന്ദ്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണ കുമാറിന്റെ പിതാവാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബിന്ദ്ര കൗറിനെ ആദ്യം കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് കൃഷ്ണ കുമാറിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഞെട്ടിക്കുന്ന ക്രൂരതയുടെ കഥ പുറത്ത് വന്നത്.