gnn24x7

ആരോഗ്യ സേതു ആപ്പ്; ഓട്ടോമാറ്റിക് ആയി ഇന്‍സ്റ്റാള്‍ ആകും; അറിയേണ്ട കാര്യങ്ങള്‍

0
221
gnn24x7

കേന്ദ്രസര്‍ക്കാര്‍ കൊവിഡ് -19 ട്രാക്കിംഗ് ആപ്ലിക്കേഷന്‍ ആയി ഉപയോഗിക്കാന്‍ നിര്‍ദേശിച്ച ആരോഗ്യ സേതു ആപ്പ് നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ ഇനി ഉടന്‍ തന്നെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണുകളില്‍ താനെ ഇന്‍സ്റ്റാള്‍ ആകും. പുതുതായി പുറത്തിറങ്ങുന്ന ഫോണുകളില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. മറ്റ് ഫോണുകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍ഫര്‍മേഷന്‍ ആയി ഇതുള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. ഇതിനായി വിവിധ നെറ്റ്വര്‍ക്കുകളുടെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കാനുമൊരുങ്ങുകയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫോണുകളില്‍ ആപ്ലിക്കേഷന്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മൊബൈല്‍ നിര്‍മാണ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉല്‍പ്പാദനം നിര്‍ത്തിവച്ചതിനാല്‍ ഇതുവരെ ഇത് സാധ്യമായിട്ടില്ല. എന്നിരുന്നാലും, നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഇനി ഉടന്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധമാക്കിയ ഈ ആപ്, ഇപ്പോള്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ കമ്പനി ഉദ്യോഗസ്ഥരും തങ്ങളുടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഡൗണ്‍ലോഡ്

ആപ്ലിക്കേഷനില്‍ ഇതിനകം 8 കോടി പേര്‍ ഡൗണ്‍ലോഡ് ചെയ്തു. 5 കോടി ഇന്‍സ്റ്റാള്‍ ബേസില്‍ എത്തിയ ഏറ്റവും വേഗയമേറിയ ആപ്പായി ആരോഗ്യ സേതു ആപ്പ് റെക്കോര്‍ഡ് സ്ഥാപിച്ചു. നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവാണെങ്കില്‍, നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഐഫോണ്‍ ഉപയോക്താക്കള്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഇ-പാസ്

പകര്‍ച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ അത്യാവശ്യ ഉപകരണമായ ആപ്ലിക്കേഷനിലൂടെ ഇന്ത്യ സ്വന്തം ശ്രമം നടത്തിയിരിക്കുകയാണ്. ആപ്ലിക്കേഷന്‍ ഇ-പാസ് ആകാനുള്ള സാധ്യതയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആരോഗ്യ സേതു ആപ്പ് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യാന്‍ സഹായിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ മോദി പറഞ്ഞു.

കേന്ദ്ര തീരുമാനം അനുസരിച്ച് സിഐഎസ്എഫ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ആരോഗ്യ സേതു ആപ് ഇന്‍സ്റ്റാള്‍ ചെയ്യാത്തവരെ മെട്രോ ട്രെയിനുകളില്‍ പ്രവേശിപ്പിക്കില്ല. മെട്രോ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ആരോഗ്യ സേതു കൂടാതെ ഇ-പാസും ഗ്രീന്‍കോഡും ആവശ്യമാണ്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ തന്നെ തങ്ങളുടെ സ്റ്റാറ്റസ് ആപ്പിലൂടെ പരിശോധിച്ച ശേഷം മാത്രം വീട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ മതിയെന്നായിരുന്നു നല്‍കിയിരുന്ന നിര്‍ദ്ദേശം. സൊമാറ്റോ അടക്കമുള്ള പല കമ്പനികളും തങ്ങളുടെ ജോലിക്കാര്‍ക്ക് ആരോഗ്യ സേതു നിര്‍ബന്ധമാക്കി.

സ്വകാര്യത

അതേസമയം ആരോഗ്യ സേതു രാജ്യത്തിന്റെ ഡിജിറ്റല്‍ ഐഡി ആയി മാറുകയാണെന്നും ആരോപണമുണ്ട്. ഇത് ആധുനിക നിരീക്ഷണ സംവിധാനമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കൊറോണ കാലത്തെ ഇത്തരം ആപ്പുകള്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് വന്‍ ദുരന്തമാകുമെന്ന് നേരത്തെ തന്നെ എഡ്വാഡ് സ്‌നോഡണ്‍ പറഞ്ഞിരുന്നു. സ്വകാര്യത പോലും ജനത്തിന് സര്‍ക്കാരുമായി പങ്കുവയ്‌ക്കേണ്ടി വരികയാണെന്നാണ് എ.ഐ.എം.ഐ.എം പ്രതികരിച്ചത്. എന്നാല്‍ കോവിഡിനെതിരായ പോരാട്ടം വിജയിക്കുന്നതിനുള്ള സ്ഥിരം സംവിധാനമാക്കി ആപ്പിനെ മാറ്റും എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

നിയന്ത്രിത മേഖലകളിലുള്ളവര്‍, സ്വകാര്യ- സര്‍ക്കാര്‍ ജീവനക്കാര്‍, കോവിഡ് അപ്‌ഡേറ്റ് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിങ്ങനെ എല്ലാവരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഇത് മേലുദ്യോഗസ്ഥര്‍ ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്.

വീട്ടില്‍നിന്ന് പുറത്തിറങ്ങും മുമ്പ് പരിശോധിക്കണം, അപ്‌ഡേറ്റ് ചെയ്യണം. ഇതാണ് സര്‍ക്കാര്‍ ഉത്തരവ്. ഇക്കാര്യത്തിലും നിരവധി ആശങ്കകള്‍ പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്.

ഏതായാലും എല്ലാ പ്രൊഫൈല്‍ സ്വകാര്യതകളും സോഷ്യല്‍ മീഡിയയ്ക്ക് കൈമാറുന്ന തരത്തിലേക്കാണ് കോവിഡ് കാലം കടന്നു പോകുന്നത്. ഇനി ആരോഗ്യ സേതു ആശങ്കാ ജനകമെങ്കിലും അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴിയുള്ള ഗുണങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നിരിക്കെ മറ്റു മാര്‍ഗമില്ല എന്നതാണ് സത്യം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here