തിരക്കു നിറഞ്ഞ ജോലികള്‍ക്കിടയില്‍ വ്യായാമത്തിനായി സമയം മാറ്റി വയ്ക്കാന്‍ കഴിയുന്നില്ല എന്നത് എല്ലാവരുടെയും പരാതിയാണ്. പുതുതലമുറാ ഫിസിക്കല്‍ ഇന്‍സ്ട്രക്റ്റര്‍മാരുടെ അഭിപ്രായത്തില്‍ ആഴ്ചയില്‍ നാലു മണിക്കൂര്‍ വ്യായാമമെങ്കിലും മതി ആരോഗ്യത്തോടെ ഇരിക്കാന്‍. എന്നാല്‍ ഭക്ഷണക്രമവും പ്രധാനമാണ് കേട്ടോ. നാല്‍പ്പതിനു ശേഷം ജീവിതശൈലീ രോഗങ്ങള്‍ പെട്ടെന്നു പിടിപെടുമെന്നതിനാല്‍ ഇത്തരക്കാര്‍ക്ക് ഈ നാല് മണിക്കൂര്‍ ഹെല്‍ത്തി ടൈം ടേബ്ള്‍ ശീലമാക്കാം.
നാലു മണിക്കൂര്‍ വ്യായാമത്തിനായി നടപ്പ്, യോഗ, എയ്‌റോബിക്‌സ് തുടങ്ങി ഏത് വ്യായാമവും തെരഞ്ഞെടുക്കാം.
ഒന്നിച്ച് സമയം ചെലവഴിക്കാനില്ലാത്തവര്‍ പത്തോ ഇരുപതോ മിനിറ്റ് വീതമുള്ള സെഷനുകളായി ചെയ്താലും മതി. ഓഫിസിലും വ്യായാമം ആകാം. നടത്തം, സ്റ്റെയര്‍കെയ്‌സ് കയറിയിറങ്ങല്‍, വെള്ളം കുടിക്കാന്‍ വാട്ടര്‍ കൂളറിനരികിലേക്ക് നടക്കല്‍ എന്നിങ്ങനെ വഴികള്‍ പലതുണ്ട്.
ഓഫിസിലേക്കുള്ള ബസ് യാത്ര ഒരു സ്റ്റോപ് മുമ്പ് അവസാനിപ്പിച്ച് നടക്കാം. മറ്റു വ്യായാമങ്ങളൊന്നും ചെയ്യാത്തവര്‍ക്ക് നല്ല വഴിയാണ് ഇത്.
നടത്തം ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടും, രക്തപ്രവാഹം സുഗമമാകും, ബിപി കുറയും, ബാലന്‍സ് വര്‍ധിക്കും, ടെന്‍ഷന്‍ കുറയും തുടങ്ങിയ നേട്ടങ്ങള്‍ നടപ്പിനുണ്ട്. വീട്ടില്‍ ട്രെഡ്മില്‍ ഉള്ളവര്‍ക്ക് അതിലും നടക്കാം.
അടുത്ത സെഷന് മുമ്പ് ശരീരം പൂര്‍വസ്ഥിതിയിലെത്തുന്ന തരത്തിലാകണം വ്യായാമം ചിട്ടപ്പെടുത്തേണ്ടത്. ഹൃദയമിടിപ്പ് സാധാരണ നിലയിലാകുകയും കോശങ്ങളിലേക്കുള്ള ആഹാരപോഷകങ്ങളുടെ ആഗിരണം സാധാരണ നിലയിലാകുകയും ചെയ്യുന്ന അവസ്ഥയാണിത്. രണ്ട് സെഷനുകള്‍ക്ക് ഇടയിലുള്ള സമയത്ത് നന്നായി ഉറങ്ങുകയും വേണം. അതിനുമുമ്പ് ചെയ്യുന്ന വ്യായാമം ശരീരത്തെ ദോഷമായി ബാധിക്കും.
ജിമ്മില്‍ പോകുന്നവര്‍ക്ക് പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടും. ഇത് ചുറുചുറുക്കും ആത്മവിശ്വാസവുമേകും.