gnn24x7

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എങ്ങനെയാണ് ഒരു ദിവസം തുടങ്ങുന്നത്?

0
324
gnn24x7

ജന്മം കൊണ്ട് ഇന്ത്യക്കാരന്‍. പഠിച്ചത് ഐഐറ്റി ഘരഗ്പൂരിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും. സുന്ദര്‍ പിച്ചൈ എന്ന അപൂര്‍വ്വ വ്യക്തിത്വത്തെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സിഇഒ ആയ സുന്ദര്‍ പിച്ചൈയുടെ അസൂയവാഹമായ കരിയര്‍ വളര്‍ച്ച ആരെയും അല്‍ഭുതപ്പെടുത്തുന്നതാണ്. ലോകത്തില്‍ ഏറ്റവുമധികം പേര്‍ ജോലി ചെയ്യാന്‍ കൊതിക്കുന്നൊരു സ്ഥാപനത്തിന്റെ മേധാവിയാകുകയെന്നത് നിസാരകാര്യമല്ല.

തലയിലുള്ളത് വലിയ ഉത്തരവാദിത്തങ്ങള്‍. ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നത് പുതിയ പുതിയ വെല്ലുവിളികള്‍. ഇതൊക്കെ നേരിടാന്‍ ഓരോ ദിവസവും അദ്ദേഹം എങ്ങനെയാണ് തുടങ്ങുന്നത് എന്നറിയേണ്ടേ? ഒരു ടെക് ന്യൂസ് വെബ്‌സൈറ്റുമായി സുന്ദര്‍ പിച്ചൈ തന്റെ പ്രഭാതത്തിലെ ദിനചര്യകള്‍ പങ്കുവെച്ചിരിക്കുകയാണ്.

1. അതിരാവിലെ എഴുന്നേല്‍ക്കാറില്ല

അതിരാവിലെ എഴുന്നേല്‍ക്കുന്ന ആളല്ല താനെന്ന് അദ്ദേഹം പറയുന്നു. 6.30-7 മണിയോട് അടുത്താണ് എഴുന്നേല്‍ക്കുന്നത്. രാവിലെ വ്യായാമം ചെയ്യാന്‍ ഇഷ്ടമാണെങ്കിലും അതിന് സാധിക്കാറില്ല. വൈകിട്ടാണ് പതിവായി വ്യായാമം ചെയ്യുന്നത്.

2. പ്രഭാതഭക്ഷണം

ഇന്ത്യക്കാരനാണെങ്കിലും ഇംഗ്ലിഷ് ബ്രേക്ക്ഫാസ്റ്റിനോടാണ് അദ്ദേഹത്തിന് താല്‍പ്പര്യം. പ്രഭാതഭക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നു. അതില്‍ പ്രോട്ടീന്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് എല്ലാ ദിവസവും രാവിലെ ഓംലറ്റ് കഴിക്കും. ഒപ്പം ടോസ്റ്റും. കൂടെ കുടിക്കുന്നത് ചായയും.

3. പത്രവായന

കടലാസുകളുടെ ലോകത്തുനിന്ന് ആളുകളെ ഗാഡ്ജറ്റുകളുടെ ലോകത്തേക്ക് നയിക്കുന്ന ഗൂഗിള്‍ മേധാവിക്ക് പക്ഷെ പത്രവായന നിര്‍ബന്ധമാണ് കേട്ടോ. പ്രഭാതഭക്ഷണത്തിനൊപ്പമാണ് പത്രം വായിക്കുന്നത്. സ്ഥിരമായി വായിക്കുന്ന പത്രം വാള്‍ സ്ട്രീറ്റ് ജേണലാണ്. എന്തുകൊണ്ടാണ് ഡിജിറ്റല്‍ കോപ്പി വായിക്കാതെ യഥാര്‍ത്ഥ പത്രം തന്നെ അദ്ദേഹം വായിക്കുന്നത്? ഡിജിറ്റല്‍ വായനയെക്കാളും വിവരങ്ങള്‍ കൂടുതല്‍ നേരം മനസില്‍ നില്‍ക്കുന്നത് പരമ്പരാഗത വായനയിലാണെന്ന് ചില ശാസ്ത്രീയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here