gnn24x7

കരയുന്നത് കൊണ്ട് ഏറെ ഗുണം ഉണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ

0
382
gnn24x7

കരയുക എന്നത് ബലഹീനതയുടെ ലക്ഷണമായിട്ടാണ് പൊതുവിൽ വിലയിരുത്തുന്നത്. മാനസികമായി ദുർബലരാണ് പെട്ടെന്ന് കരയുന്നത് എന്നാണ് പലരുടെയും തെറ്റായ ധാരണ. അതുകൊണ്ട് തന്നെ എത്ര വിഷമം വന്നാലും കരച്ചിൽ അടക്കിപ്പിടിക്കുന്നവരുമുണ്ട്.

നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും കരയുന്നത് കൊണ്ട് ഏറെ ഗുണം ഉണ്ടെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. വികാരങ്ങളെ കൈകാര്യം ചെയ്യുന്നതിനും ആഘാതകരമായ ജീവിത സംഭവങ്ങളെ മറികടക്കുന്നതിനും കരച്ചിൽ ഒരു പ്രധാന ഭാഗമാണെന്നും മാനസികാരോഗ്യ വിദഗ്ധർ വിശ്വസിക്കുന്നു.

ആളുകൾക്ക് സങ്കടമോ സമ്മർദമോ അനുഭവപ്പെടുമ്പോൾ മാത്രമല്ല കരയേണ്ടതെന്നാണ് വിദഗ്ധർ പറയുന്നത്. കരച്ചിൽ സന്തോഷത്തിനും ആത്മ നിർവൃതിയുടെയും സ്വാഭാവിക പ്രതികരണമായിട്ടാണ് വിലയിരുത്തുന്നത്. ഹൃദയം തുറന്ന് പൊട്ടിക്കരയുന്നത് നെഗറ്റീവ് വികാരങ്ങളെ എളുപ്പത്തിൽ മറികടക്കാൻ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു. കരയുന്നതിന്റെ ചില ഗുണങ്ങൾ ഇതാ

കണ്ണുകളെ വൃത്തിയാക്കുന്നു

മൂന്നു തരം കണ്ണുനീരാണ് ഉള്ളത്; റിഫ്ലക്സ് ടിയേഴ്സ്, കണ്ടിന്യുവസ് ടിയേഴ്സ്, ഇമോഷണൽ ടിയേഴ്സ്. കണ്ണിലടിഞ്ഞിരിക്കുന്ന പൊടി, പുക മുതലായ അഴുക്കുകളെ തുടച്ചു നീക്കുന്നതിന് റിഫ്ലക്സ് ടിയേഴ്സ് സഹായിക്കുന്നു. 98 ശതമാനവും വെള്ളമടങ്ങിയതാണ് കണ്ടിന്യുവസ് ടിയേഴ്സ്. ഇത് കണ്ണിന് ലൂബ്രിക്കേറ്റിംഗ് നൽകി അണുബാധയിൽ നിന്ന് തടയുന്നു. മാനസിക സമ്മർദങ്ങളിൽ നിന്ന് മോചനം നേടുന്നതിന് ഇമോഷണൽ ടിയേഴ്സ് സഹായിക്കുന്നു.

വേദനയിൽ നിന്ന് മോചനം നൽകുന്നു

ദീർഘനേരം കരയുന്നത് ഓക്സിടോസിൻ, എൻ‌ഡോജെനസ് ഒപിയോയിഡുകൾ പോലുള്ള എൻ‌ഡോർ‌ഫിനുകൾ‌ പുറപ്പെടുവിക്കാൻ സഹായിക്കുന്നു. ഈ സന്തോഷകരമായ രാസവസ്തുക്കൾ ശാരീരികവും വൈകാരികവുമായ വേദന ഒഴിവാക്കാൻ സഹായിക്കും. ശരീരത്തിൽ നിന്ന് ഓക്സിടോസിൻ പുറത്തുവിടുന്നത് ശാന്തത നൽകും.

വൈകാരികമായ ബാലൻസ്

ദുഃഖമുള്ളപ്പോൾ മാത്രമല്ല ആളുകൾ കരയുന്നത്. വളരെ സന്തോഷം തോന്നുമ്പോഴും, ഭയപ്പെടുകയും സമ്മർദ്ദം അനുഭവിക്കുകയും ചെയ്യുമ്പോഴുമൊക്കെ കരയാറുണ്ട്. കരച്ചിൽ വൈകാരിക ബാലൻസ് പുന സ്ഥാപിക്കാൻ സഹായിക്കുന്നുവെന്ന് യേൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ ഒരു ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വളരെയധികം സന്തോഷിക്കുമ്പോഴോ ഭയപ്പെടുമ്പോഴോ കരയുന്നത് ശരീരത്തെ വൈകാരിക പിരിമുറുക്കം ഒഴിവാക്കാൻ സഹായിക്കുകയും അങ്ങനെ നിങ്ങൾക്ക് സുഖം തോന്നുകയും ചെയ്യും.

സമ്മര്‍ദം കുറക്കുന്നു

മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോൾ കരയുന്നത് ധാരാളം പേർക്ക് സഹായകമാകാറുണ്ട്. കരയുന്നത് സർമ്മദം ഉണ്ടാക്കുന്ന ഹോർമോണായ കോർട്ടിസോളിനെ കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

നന്നായി ഉറങ്ങാൻ സഹായിക്കുന്നു

മാതാപിതാക്കൾ കുഞ്ഞിനെ അൽപനേരം കരയാൻ അനുവദിക്കുന്നത് പരുഷമായി തോന്നാമെങ്കിലും അങ്ങനെ ചെയ്യുന്നതിലൂടെ കുഞ്ഞ് നന്നായി ഉറങ്ങുകയും കൂടുതൽ നേരം ഉറങ്ങുകയും ചെയ്യും. കരച്ചിൽ കുഞ്ഞുങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കുമെന്നതിനാൽ കുഞ്ഞിനെ ശാന്തമാക്കുകയും അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് 2015ലെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു. ഈ ഗവേഷണം മുതിർന്നവരിൽ നടത്തിയിട്ടില്ലെങ്കിലും പലരും സമാന ഫലങ്ങൾ അനുഭവിക്കുന്നുവെന്നാണ് വിലയിരുത്തുന്നത്.

ബാക്ടീരിയ മൂലമുള്ള അണുബാധയോട് പോരാടുന്നു

വേണ്ടത്ര ഗവേഷണങ്ങൾ നടന്നിട്ടില്ലെങ്കിലും, കണ്ണുനീരിൽ ലൈസോസൈം എന്ന ദ്രാവകം അടങ്ങിയിരിക്കുന്നതിനാൽ കരച്ചിൽ കണ്ണിലെ ബാക്ടീരിയ മൂലമുള്ള അണുബാധയെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. 2011 ൽ നടത്തിയ ഒരു പഠനത്തിൽ, ലൈസോസൈമിന് ശക്തമായ ആന്റിമൈക്രോബയൽ ഘടകങ്ങളുണ്ടെന്ന് പറയുന്നു, ഇത് ആന്ത്രാക്സ് പോലുള്ള ബാക്ടീരിയൽ അണുബാധകളുടെ സാധ്യത കുറയ്ക്കുമെന്നും വ്യക്തമാക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here