അടുത്ത ചിത്രത്തിൽ മഞ്ജു വാര്യർ സുരാജ് വെഞ്ഞാറമൂടിന്റെ നായികയാവുന്നു. എം. മുകുന്ദൻ രചിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യമായാണ് മഞ്ജു സുരാജിന്റെ നായികയാവുന്നത്.
അലസനായ സജീവൻ എന്ന ഓട്ടോതൊഴിലാളിയാണ് ഈ കഥയിലെ നായകൻ. കടം വാങ്ങിയും പണിയെടുക്കാൻ മടിച്ചും ജീവിക്കുന്ന സജീവന്റെ ജീവിതത്തിൽ രാധിക ഭാര്യയായി എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് കഥയുടെ പ്രതിപാദ്യം. സജീവനിൽ നിന്നും രാധിക ഓട്ടോ ഏറ്റെടുത്ത് ഓടിക്കാൻ തുടങ്ങുന്നിടത്താണ് ചെറുകഥ അവസാനിക്കുന്നത്. എന്നാൽ സിനിമക്കായി കഥയിൽ കൂട്ടിച്ചേർക്കലുകൾ നടന്നേക്കും എന്നാണ് പ്രതീക്ഷ.
മുകുന്ദൻ തന്നെയാണ് ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. ക്ലിന്റ് എന്ന സിനിമയ്ക്കു ശേഷം ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.