ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ അന്താരാഷ്ട്ര പ്രത്യക്ഷ അഴിമതി സൂചികയിലെ 180 രാജ്യങ്ങളില്‍ ഇന്ത്യ 80-ാം സ്ഥാനത്ത്. മുന്‍വര്‍ഷം 78-ാം സ്ഥാനത്തായിരുന്നു.രാജ്യത്തെ അഴിമതി നിയന്ത്രണത്തില്‍ ചെറിയ തോതിലെങ്കിലും കുറവു വന്നതായാണ് കണ്ടെത്തല്‍.
വിദഗ്ധരും ബിസിനസ്സ് മേഖലാ പ്രതിനിധികളും നടത്തുന്ന അഭിപ്രായ പ്രകടനം കണക്കിലെടുത്ത് തയ്യാറാക്കുന്ന ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ഡാവോസ് വേള്‍ഡ് ഇകോണമിക് ഫോറത്തില്‍ പ്രസിദ്ധീകരിച്ചു. ഡെന്‍മാര്‍ക്കും ന്യൂസിലന്‍ഡും ഒന്നാം സ്ഥാനത്തെത്തി. ഫിന്‍ലാന്‍ഡ്, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവ ആദ്യ പത്തില്‍ സ്ഥാനം നേടി.
നോര്‍വേ (ഏഴ്്), നെതര്‍ലാന്റ്‌സ് (എട്ട്), ജര്‍മ്മനി, ലക്‌സംബര്‍ഗ് (ഒമ്പത്) എന്നിവയാണ് ഉയര്‍ന്ന തലത്തിലുള്ള മറ്റ് രാജ്യങ്ങള്‍.സൂചികയനുസരിച്ച് ഓരോ രാജ്യത്തിനും പൂജ്യം (വളരെയധികം അഴിമതി നിറഞ്ഞത്) മുതല്‍ 100 (അഴിമതി രഹിതം) വരെയാണ് മാര്‍ക്ക്.
ഇന്ത്യയുടെ കഴിഞ്ഞതവണത്തെ മാര്‍ക്കായ 100-ല്‍ 41 മാര്‍ക്കില്‍ ഇത്തവണയും മാറ്റമില്ല.രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിലുള്ള കോര്‍പ്പറേറ്റുകളുടെ സ്വാധീനതയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള സഹായധനവും തീരുമാനം എടുക്കുന്നതിലുള്ള അവിഹിതസമ്മര്‍ദവും അഴിമതി നിയന്ത്രിക്കുന്നത് കുറച്ചിട്ടുണെന്നാണ് പഠനം പറയുന്നത്. ചൈന, ബെനിന്‍, ഘാന, മൊറോക്കോ എന്നിവയും ഇതേ റാങ്ക് പങ്കിടുന്നു. പാകിസ്ഥാന്‍ 120-ാം സ്ഥാനത്താണ്.
സൊമാലിയ (9), ദക്ഷിണ സുഡാന്‍ (12), സിറിയ (13) എന്നിവയാണ് അഴിമതി കൂടിയ രാജ്യങ്ങള്‍. യെമെന്‍(15), വെനസ്വേല(16), സുഡാന്‍(16), അഫ്ഗാനിസ്താന്‍(16) എന്നീ രാജ്യങ്ങളും കടുത്ത അഴിമതി നില നില്‍ക്കുന്നവയാണ്. എട്ടു വര്‍ഷത്തിനുള്ളില്‍ 22 രാജ്യങ്ങള്‍ മാത്രമേ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചുള്ളൂ.
അതേസമയം, അഴിമതി വിരുദ്ധ ശ്രമങ്ങള്‍ വര്‍ദ്ധിച്ചിട്ടും കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ നിന്ന് രാജ്യം മൂന്ന് സ്ഥാനങ്ങള്‍ പിന്നിലായെന്ന ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ ‘പക്ഷപാതപരമായ’ കണ്ടെത്തലിനെതിരെ പാകിസ്ഥാന്‍ പ്രതികരിച്ചു. ഇസ്ലാമാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച പ്രധാനമന്ത്രിയുടെ ഇന്‍ഫര്‍മേഷന്‍ സ്പെഷ്യല്‍ അസിസ്റ്റന്റ് ഫിര്‍ദസ് ആസിക് അവാന്‍ പറഞ്ഞത് റിപ്പോര്‍ട്ടില്‍ സുതാര്യതയില്ലെന്നാണ്.