കൊച്ചി: സൂപ്പര്‍ താര ചിത്രങ്ങളും, അന്യഭാഷാ ചിത്രങ്ങളും കേരളത്തില്‍ വൈഡ് റിലീസ് ചെയ്യുന്നതിനുള്ള നിയന്ത്രണം നീങ്ങാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. വിവിധ സിനിമാ മാഗസിനുകളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മുന്‍ വര്‍ഷങ്ങളില്‍ വൈഡ് റിലീസിലൂടെ വിവിധ ചിത്രങ്ങള്‍ പണം വാരിയിരുന്നു. എന്നാല്‍ 2019 ല്‍ വൈഡ് റിലീസിന് കര്‍ശന നിയന്ത്രണം വെക്കുകയായിരുന്നു.
മോഹന്‍ലാലിന്റെ ലൂസിഫര്‍ , മമ്മൂട്ടി ചിത്രം മധുര രാജ എന്നിവ പ്രത്യേക അനുമതിയോടെയായിരുന്നു വൈഡ് റിലീസ് ചെയ്തത്.
എന്നാല്‍ അന്യഭാഷാ ചിത്രങ്ങളുടെ വൈഡ് റിലീസ് കര്‍ശനമായി തടഞ്ഞിരുന്നു. എന്നാല്‍ ഇതിനെ വകവെയ്ക്കാതെ വിജയ് ചിത്രം ബിഗില്‍ വൈഡ് റിലീസ് നടത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് അനുമതിയില്ലാതെ വൈഡ് റിലീസ് നടത്തിയ മാജിക് ഫ്രെയിംസിനെയും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെയും നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയിരുന്നു.
തുടര്‍ന്ന് പിഴയടച്ച് വിലക്ക് മറികടക്കുകയായിരുന്നു. നിലവില്‍ വൈഡ് റിലീസിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ നിര്‍മാതാക്കള്‍ക്ക് പ്രതീക്ഷിച്ച ലാഭം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നിയന്ത്രണം സംഘടന നീക്കിയത്.
ഇതോടെ ജനുവരിയില്‍ റിലീസ് ചെയ്യുന്ന തമിഴ് ചിത്രം ദര്‍ബാര്‍ അടക്കമുള്ള ചിത്രങ്ങള്‍ വൈഡ് റിലീസ് ചെയ്യാം.