ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഭരണഘടനാ വിരുദ്ധമല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം. ഇന്ത്യയുടെ നിലപാട് മറ്റ് രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ല, ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്ഥാന്‍റെ നയങ്ങൾക്ക് എതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നായിരുന്നു മോദിയുടെ വിമര്‍ശനം.
പാകിസ്ഥാൻ ഹിന്ദുക്കളെയും സിഖുകാരെയും ദ്രോഹിക്കുകയാണ്. ഇതിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്. പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വീകരിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസ് പാകിസ്ഥാനെതിരെ മിണ്ടുന്നില്ല. പകരം അവിടെ പീഡിപ്പിക്കപ്പെടുന്നവര്‍ക്കെതിരെ റാലി നടത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു.