കൊച്ചി: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ഹൃദയം. ഒരിടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്നു, പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും നായകനും നായികയുമാവുന്നു തുടങ്ങി നിരവധി കാരണങ്ങളാണ് ചിത്രത്തിനായി കാത്തിരിക്കാനുള്ള കാരണങ്ങള്‍.
ഇപ്പോഴിതാ മറ്റൊരു സസ്‌പെന്‍സും പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. തന്റെ ചിത്രത്തിനായി ഗാനം ആലപിക്കുന്നയാളെ ഊഹിക്കാന്‍ പറ്റുമോ എന്ന പോസ്റ്റിലൂടെയാണ് വിനീത് ഈ സസ്‌പെന്‍സ് ആരാധകര്‍ക്കായി നല്‍കിയിരിക്കുന്നത്.
നടന്‍ പൃഥ്വിരാജാണ് പ്രണവിന്റെ സിനിമയ്ക്കായി പാടിയിരിക്കുന്നത്. പാതി മറഞ്ഞ പൃഥ്വിയുടെ മുഖമാണ് വിനീത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണത്തിനാണ് ഹൃദയം തിയേറ്ററുകളില്‍ എത്തുന്നത്.
മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്. നാല്‍പ്പത് വര്‍ഷത്തിന് ശേഷം മെറിലാന്റ് നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയുടെ കോ പ്രൊഡ്യൂസറായിരുന്ന വിശാഖ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടെ ഹെലനിലെ നായകനായ നോബിള്‍ തോമസും നിര്‍മ്മാണ രംഗത്ത് ഉണ്ട്.
പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. നേരത്തെ കല്ല്യാണിക്കും പ്രണവിനും ഒപ്പം നിവിന്‍ പോളിയും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ എല്ലാം ശരിയല്ലെന്നും ശരിയായ സമയത്ത് താന്‍ തന്നെ എല്ലാം പ്രേക്ഷകരോട് പറയുമെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വിനീത് ചെയ്യുന്നതെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് കല്ല്യാണിയും പ്രണവും ഒന്നിച്ചഭിനയിച്ച ചിത്രം.