ബർലിൻ: ജർമനിയിലെ ബയേണിലെ എ–8 (A-8) ഹൈവേയിൽ
ഞായറാഴ്ച ഒൻപത് വാഹനങ്ങൾ കൂട്ടിയിടിച്ച് പതിനെട്ട് യാത്രക്കാർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സ്റ്റ്യൂട്ട്ഗാർട്ട് ദിശയിലേക്കുള്ള ഹൈവേയിലായിരുന്നു അപകടം നടന്നത്.
51 വയസ്സുള്ള സ്ത്രീയുടെ കാറാണ് ആദ്യം അപകടത്തിൽപ്പെട്ടത്. തുടർന്ന് പുറകെ വന്ന ഒൻപത് വാഹനങ്ങൾ അപകടത്തിൽപ്പെടുകയായിരുന്നു. ചെറിയ മഞ്ഞു വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. അപകടം മൂലം മൂന്നു മണിക്കൂർ ഹൈവേയിലെ പതിനഞ്ച് കിലോമീറ്റർ ദൂരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. പരുക്കേറ്റവരെ പൊലീസ് ഹെലികോപ്റ്ററിൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
ഇതിനിടയിൽ ജർമനിയിലും മറ്റു യൂറോപ്യൻ രാഷ്ട്രങ്ങളിലും ശൈത്യം പിടിമുറുക്കി. ചിലയിടങ്ങളിൽ മഞ്ഞു വീഴ്ച ആരംഭിച്ചു. താപനില മൈനസിലേക്ക് താഴ്ന്നിറങ്ങി. അടുത്തവാരം മുതൽ ശക്തമായ മഞ്ഞു വീഴ്ച ഉണ്ടാകുമെന്ന് സൂചനയുണ്ട്.