ദാവോസ്: നടപ്പു സാമ്പത്തീക വര്‍ഷത്തിലെ ഇന്ത്യയുടെ വളർച്ചനിരക്ക് 4.8 ശതമാനമായി കുറച്ച് അന്താരാഷ്്ട്ര നാണയനിധി (ഐ.എം.എഫ്). ഗ്രാമീണ വരുമാന വളർച്ച ദുർബലമായതും ബാങ്കിതര സാമ്പത്തിക മേഖല നേരിടുന്ന സമ്മർദവുമാണ് വളർച്ചനിരക്ക് കുറയാൻ ഇടയാക്കിയതെന്ന് ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായുള്ള ആഗോള സാമ്പത്തികാവസ്ഥയെക്കുറിച്ച റിപ്പോർട്ടിൽ ഐ.എം.എഫ് വ്യക്തമാക്കി.
എന്നാൽ, 2020ൽ 5.8 ശതമാനവും 2021ൽ 6.5 ശതമാനവുമായി വളർച്ചനിരക്ക് കൂടുമെന്ന് ഇന്ത്യക്കാരി കൂടിയായ ഐ.എം.എഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് വ്യക്തമാക്കി. ബാങ്കിതര സാമ്പത്തിക മേഖലയുടെ ഞെരുക്കവും വായ്പയിലെ കുറവും കാരണം ഇന്ത്യയിൽ ആഭ്യന്തര ആവശ്യകത കുത്തനെ താഴോട്ടുപോയി. അതേസമയം, അമേരിക്കയുമായുള്ള വ്യാപാര കരാറിെൻറ പ്രതികരണമെന്നോണം ചൈനയുടെ വളർച്ച നിരക്കിൽ 0.2 ശതമാനം ഉയർന്ന് 2020ൽ ആറ് ശതമാനമാകുമെന്ന് ഗീത വിശദീകരിച്ചു.
ആഗോള സാമ്പത്തിക വളർച്ചനിരക്കും 2019ൽ താഴേക്കാണെന്ന് ഐ.എം.എഫ് റിപ്പോർട്ടിൽ പറയുന്നു. 2019ൽ 2.9 ശതമാനവും 2020ൽ 0.1 ശതമാനവും 2021ൽ 0.2 ശതമാനവും വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്താണ് ഇത്. അർജൻറീന, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക ഞെരുക്കം 2020ലെ സാമ്പത്തിക വളർച്ചയിൽ അനിശ്ചിതത്വമാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യക്ക് പുറമെ വികസ്വര രാജ്യങ്ങളായ ബ്രസീലും മെക്സിക്കോയും മോശം പ്രകടനമാണ് കാണിക്കുന്നത്.