ബര്‍ലിന്‍: ജര്‍മനി 22 വര്‍ഷത്തിനിടെ ഏറ്റവും കുറവ് കാറുകള്‍ ഉൽപാദിപ്പിച്ച വര്‍ഷമാണ് കടന്നു പോയിരിക്കുന്നത്. 4.7 മില്യന്‍ കാറുകളാണ് വിവിധ കമ്പനികള്‍ 2019ല്‍ രാജ്യത്തു നിര്‍മിച്ചത്. യുഎസും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര തര്‍ക്കം വിദേശ വിപണികളെ ബാധിച്ചതാണ് ഇടിവിനു കാരണം. പ്രധാനമായും കയറ്റുമതിയെ ആശ്രയിച്ചാണ് ജര്‍മന്‍ കാര്‍ നിര്‍മാണ മേഖലയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തന്നെയും നിലനില്‍ക്കുന്നത്.
വാര്‍ഷിക താരതമ്യം അനുസരിച്ച് ഉത്പാദനത്തില്‍ ഒമ്പതു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര ഡിമാന്‍ഡ് കുറഞ്ഞതാണ് കാരണമെന്നു കാര്‍ നിര്‍മാതാക്കളുടെ ക്ളബ്ബായ വിഡിഎ പറയുന്നു.
അതേസമയം, സാമ്പത്തിക മാന്ദ്യ ഭീതിക്കിടയിലും ആഭ്യന്തര കാര്‍ വിപണി വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അഞ്ചു ശതമാനം കാറുകള്‍ രാജ്യത്തിനുള്ളില്‍ അധികം വില്‍ക്കാനായി.
ലോകോത്തര ആഡംബര കാറുകൾക്ക് പേരുകേട്ട ജര്മനിയിയുടെ കാര് നിർമാണത്തിലെ ഇടിവ് മറ്റു മേഖലകളിലേക്കു വ്യാപിച്ചാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അതു ബാധിക്കുമെന്നുറപ്പാണ്.