gnn24x7

സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ 90 പൈലറ്റുമാർക്ക് ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറത്തുന്നതില്‍ വിലക്ക്

0
135
gnn24x7

ന്യൂഡല്‍ഹി: ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറത്തുന്നതില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിയുടെ 90 പൈലറ്റുമാരെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിലക്കി. മതിയായ പരിശീലനം നേടിയിട്ടില്ല എന്ന്‌ ചൂണ്ടിക്കാട്ടിയാണിത്. ഒരു തവണകൂടി വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നതുവരെയാണ് വിലക്ക്. ഡിജിസിഎയുടെ വിലക്ക് ലംഘിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് വിമാന അപകടങ്ങളിലായി 346 പേര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെ 2019 മാര്‍ച്ചില്‍ ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറത്തുന്നതിന് ലോകവ്യാപക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വിലക്ക് നിലവിലുണ്ടായിരുന്നു. അഞ്ച് മാസത്തെ ഇടവേളയില്‍ ലയണ്‍ എയറിന്റെയും എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെയും രണ്ട് വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. 737 മാക്‌സ് വിമാനങ്ങളിലെ പിഴവുകള്‍ നിര്‍മാതാക്കള്‍ പരിഹരിച്ചതിനു ശേഷമാണ് 2020 ഡിസംബറില്‍ ലോകവ്യാപക വിലക്ക് പിന്‍വലിച്ചത്. 2021 ഓഗസ്റ്റിലാണ് ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറത്തുന്നതിന് ഇന്ത്യ വീണ്ടും അനുമതി നല്‍കിയത്.

ഇന്ത്യയില്‍ സ്‌പൈസ് ജെറ്റ് കമ്പനി മാത്രമാണ് ബി737 മാക്‌സ് വിമാനങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതിനിടെ 90 പൈലറ്റുമാരെ ഡിജിസിഎ വിലക്കിയകാര്യം സ്‌പൈസ് ജെറ്റ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. 650 പൈലറ്റുമാര്‍ക്ക് ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ പറത്താന്‍ സ്‌പൈസ് ജെറ്റ് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 90 പൈലറ്റുമാരുടെ പരീശീലനത്തില്‍ പോരായ്മയുണ്ടെന്നാണ്‌ ഡിജിസിഎ കണ്ടെത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ അവരെ 737 മാക്‌സ് വിമാനങ്ങള്‍ പറത്തുന്നതില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഡിജിസിഎ നിര്‍ദ്ദേശിച്ചത് പ്രകാരമുള്ള പരിശീലനം പൂര്‍ത്തിയാക്കുന്നതുവരെയാണിത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here