gnn24x7

വിമാനമിറങ്ങി 10 – 30 മിനിറ്റിനുള്ളിൽ ലഗേജുകൾ യാത്രക്കാരുടെ കയ്യിലെത്തണം; എയർലൈനുകൾക്ക് കത്തയച്ച് ബിസിഎഎസ്

0
148
gnn24x7

ഡൽഹി: വിമാനയാത്രക്കാരുടെ ലഗേജ്  സമയബന്ധിതമായി എത്തിക്കാൻ ജാഗ്രത കാട്ടണമെന്ന് ഇന്ത്യയിലെ വിമാന കമ്പനികളോട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്). നടപടികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ അടക്കം ഏഴ് എയർലൈനുകൾക്ക് ബിസിഎഎസ് കത്തയച്ചു. 

വിമാനത്തിന്‍റെ എഞ്ചിൻ ഓഫ് ചെയ്ത് 10 മിനിറ്റിനുള്ളിൽ യാത്രക്കാരുടെ ബാഗുകൾ അയക്കണം. വിമാനമിറങ്ങി 10 മുതൽ 30 മിനിറ്റിനുള്ളിൽ ലഗേജുകൾ യാത്രക്കാരുടെ കയ്യിലെത്തണമെന്നും വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. ലഗേജ് ഡെലിവറി വൈകുന്നത് പല വിമാനത്താവളങ്ങളിലും പതിവ് പ്രശ്നമാണ്. എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ തുടങ്ങിയ ഏഴ് വിമാന കമ്പനികളോടാണ് ബാഗേജ് സമയബന്ധിതമായി എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ നടപ്പിലാക്കാൻ നിർദേശിച്ചത്.

ഇന്ത്യയിലെ ആറ് പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ലഗേജുകൾ ലഭിക്കാന്‍  എടുക്കുന്ന സമയം നിരീക്ഷിച്ചതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ നിർദേശം. ഏഴ് എയർലൈനുകളുടെ 3600 വിമാനങ്ങളിലെ ലഗേജ് ഡെലിവറി സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് നിർദേശം നൽകിയത്. ബാഗേജ് ഡെലിവറിയുമായി ബന്ധപ്പെട്ട് എല്ലാ എയർലൈനുകളുടെയും പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മാർഗ്ഗനിർദ്ദേശങ്ങൾ പൂർണമായി പാലിക്കപ്പെട്ടിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ആദ്യത്തെ ബാഗേജ് വിമാനത്തിന്‍റെ എഞ്ചിൻ ഓഫ് ചെയ്ത് 10 മിനിറ്റിനുള്ളിൽ ബാഗേജ് ബെൽറ്റിൽ എത്തണം. അവസാന ബാഗ് 30 മിനിറ്റിനുള്ളിലും എത്തണം. 

വിമാനത്താവളങ്ങളിലെ ബാഗേജ് ഡെലിവറി വൈകുന്നതിൽ യാത്രക്കാർ പലപ്പോഴും നിരാശ പ്രകടിപ്പിക്കാറുണ്ട്. ചിലപ്പോൾ ബാഗേജ് മണിക്കൂറുകള്‍ വൈകുന്നു. ബാഗേജ് ബെൽറ്റിൽ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെങ്കിൽ കാത്തിരിപ്പ് സമയം കൂടും. തടസ്സങ്ങളില്ലാതെ വിമാനയാത്ര ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7