gnn24x7

ഏകദിനത്തില്‍ 250 വിക്കറ്റ് നേടുന്ന ആദ്യ താരം; റെക്കോർഡ് സ്വന്തമാക്കി ജൂലന്‍ ഗോസ്വാമി

0
205
gnn24x7

ബേയ് ഓവല്‍: വനിതാ ക്രിക്കറ്റില്‍ ഏകദിനത്തില്‍ 250 വിക്കറ്റ് നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യന്‍ മീഡിയം പേസ് ബൗളര്‍ ജൂലന്‍ ഗോസ്വാമി. വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെയാണ് ജൂലന്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ടാമി ബ്യൂമോണ്ടിന്റെ വിക്കറ്റെടുത്തുകൊണ്ട് താരം കരിയറിലെ വിക്കറ്റ് നേട്ടം 250 ആക്കി ഉയര്‍ത്തി.

ഈയടുത്തൊന്നും ഭേദിക്കാനാവാത്ത റെക്കോഡാണ് ജൂലന്‍ കുറിച്ചിരിക്കുന്നത്. വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമുള്ള ഓസ്‌ട്രേലിയയുടെ കാത്‌റിന്‍ ഫിറ്റ്‌സ്പാട്രിക്കിനും ദക്ഷിണാഫ്രിക്കയുടെ ശബ്‌നം ഇസ്മായിലിനും 180 വിക്കറ്റ് വീതമാണുള്ളത്.

ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന വനിതാ താരം എന്ന റെക്കോർഡും ജൂലന്‍ സ്വന്തമാക്കിയിരുന്നു. 40 വിക്കറ്റുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഓസ്‌ട്രേലിയയുടെ ഇതിഹാസ വനിതാതാരം ലിന്‍ ഫുള്‍സ്റ്റണിനെ മറികടന്നാണ് ജൂലന്‍ റെക്കോഡ് നേടിയത്. 2002 ലാണ് താരം ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. 199 ഏകദിനങ്ങളില്‍ നിന്നാണ് ജൂലന്‍ 250 വിക്കറ്റ് നേടിയത്. 12 ടെസ്റ്റുകളില്‍ നിന്ന് 44 വിക്കറ്റും 68 ട്വന്റി 20 മത്സരങ്ങളില്‍നിന്ന് 56 വിക്കറ്റുകളും നേടാനും ഈ പേസ് ബൗളര്‍ക്ക് സാധിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here