മ്യൂണിക്ക്: ബോക്‌സിങ് രംഗത്തെ മികച്ച താരങ്ങളിലൊരാളായ ജര്‍മനിയുടെ മൂസ യമക് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മ്യൂണിക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ യുഗാന്‍ഡയുടെ ഹംസ വാന്‍ഡേറയെ നേരിടുമ്പോളാണ് യമക് ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണത്. ഉടന്‍തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെറും 38 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. ബോക്‌സിങ് കരിയറില്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും യമക് തോറ്റിട്ടില്ല.
പ്രഫഷണല്‍ ബോക്‌സിങ്ങില്‍ ഒരു ബോക്‌സര്‍ക്ക് പോലും മൂസ യമകിനെ ഇതുവരെ തോല്‍പ്പിക്കാനായിട്ടില്ല. പങ്കെടുത്ത എട്ട് മത്സരങ്ങളിലും താരം വിജയം നേടി. തുര്‍ക്കിയില്‍ ജനിച്ച യമക് 2017-ലാണ് പ്രഫഷണല്‍ രംഗത്തേക്ക് വരുന്നത്. പിന്നീട് ജര്‍മനിയിലേക്ക് താമസം മാറുകയായിരുന്നു. 2021-ല്‍ നടന്ന ഡബ്ല്യു.ബി ഫെഡ് അന്താരാഷ്ട്ര കിരീടം നേടിയതോടെയാണ് യമക് ലോകപ്രശസ്തനായത്.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പും നേടിയ യമക് വാന്‍ഡഡേറയ്‌ക്കെതിരായ മത്സരത്തിന്റെ മൂന്നാം റൗണ്ടിലാണ് കുഴഞ്ഞുവീണത്. രണ്ടാം റൗണ്ടില്‍ വാന്‍ഡഡേറയില്‍ നിന്ന് കനത്ത ആക്രമണം മൂസ യമകിന് നേരിടേണ്ടി വന്നിരുന്നു.







































