gnn24x7

ബിജെപിയും സിപിഎമ്മും നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് ഗുജറാത്ത് മോഡൽ പഠിക്കുന്നതിനുള്ള ചീഫ് സെക്രട്ടറിയുടെ യാത്ര: വി.ഡി.സതീശൻ

0
294
gnn24x7

തിരുവല്ല: ഗുജറാത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, അവിടുത്തെ ബിജെപി ഭരണത്തിന് ദേശീയ തലത്തിൽ മാന്യത നൽകുന്നതിനുവേണ്ടി ബിജെപിയും കേരളത്തിലെ സിപിഎമ്മും നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് ഗുജറാത്ത് മോഡൽ പഠിക്കുന്നതിനുള്ള ചീഫ് സെക്രട്ടറിയുടെ യാത്രയെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. തിരുവല്ലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻപ് മന്ത്രിയായിരുന്ന ഷിബു ബേബി ജോൺ 2013ൽ ഗുജറാത്ത് സന്ദർശിച്ചപ്പോൾ അന്നു പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ വർഗീയശക്തികൾ ഭരിക്കുന്ന സംസ്ഥാനത്ത് മന്ത്രി പോയത് ബിജെപി സഹായിക്കുന്നതിനു വേണ്ടിയാണെന്നാണ് പറഞ്ഞത്. ചീഫ് സെക്രട്ടറി പോയതും ഗുജറാത്ത് മോഡലിനെ പ്രകീർത്തിച്ച് സംസാരിച്ചതും മുഖ്യമന്ത്രിയുടെ അറിവോടെയാണ്.

കേരള മോഡൽ എന്നഭിമാനിച്ചു പറഞ്ഞിരുന്ന സിപിഎമ്മുകാർ ഇപ്പോൾ ഗുജറാത്ത് മോഡലിൽ അഭിമാനിക്കുന്നത് വിചിത്രമായ കാര്യമാണ്. സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പുതിയ അടയാളമാണ് ഈ സന്ദർശനം. കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ പോലും ഗുജറാത്ത് ഭരണത്തെ വാഴ്ത്തുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്നത്.

ഇത് ബിജെപിയും കേരളത്തിലെ സിപിഎം നേതൃത്വവും നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ്. അവിടെ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണിത്. മുഖ്യമന്ത്രി പാർട്ടി കോൺഗ്രസിലെ സ്വാഗത പ്രസംഗത്തിൽ നരേന്ദ്ര മോദിക്കെതിരെയോ ബിജെപിക്കെതിരെയോ സംഘപരിവാറിനെതിരെയോ ഒരക്ഷരം പോലും സംസാരിക്കാതിരുന്നത് പുതിയ ബാന്ധവത്തിന്റെ തെളിവാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തികനില വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ ഇറക്കണം. വെള്ളത്തിനു തീ പിടിപ്പിക്കുന്ന വർഗീയതയാണ് പി.സി.ജോർജ് പറഞ്ഞത്. ഇത് ആർക്കു വേണ്ടിയാണെന്നുള്ളതും കരുതിക്കൂട്ടി നടത്തിയതാണോയെന്നതും അന്വേഷിക്കണം. സിനിമാലോകത്തുനിന്ന് വീണ്ടും പുതിയ പരാതികൾ പുറത്തുവരികയാണ്. സർക്കാർ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുകയും നിയമസഭയ്ക്കകത്തും പുറത്തും ചർച്ച സംഘടിപ്പിക്കുകയും വേണം. സിനിമാലോകത്തെ ഇത്തരം അനാശ്യാസ പ്രവണതകൾ തടയാനുള്ള നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here