gnn24x7

സ്ത്രീധനത്തിന്റെ ‘നേട്ടങ്ങൾ’ വിശദീകരിക്കുന്ന നഴ്സിങ് പാഠപുസ്തകത്തിനെതിരെ പരാതി

0
576
gnn24x7

ന്യൂഡൽഹി: സ്ത്രീധനത്തിന്റെ ‘നേട്ടങ്ങൾ’ വിശദീകരിക്കുന്ന നഴ്സിങ് പാഠപുസ്തകത്തിനെതിരെ വ്യാപക പരാതി. ടി.കെ.ഇന്ദ്രാണി എഴുതിയ ‘ടെക്സ്റ്റ്ബുക് ഓഫ് സോഷ്യോളജി ഫോർ നഴ്സസ്’ എന്ന പുസ്തകത്തിലെ പരാമർശങ്ങൾക്കെതിരെയാണു രൂക്ഷ വിമർശനം.

കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികളെ നല്ല സ്ത്രീധനം നൽകിയാൽ വിവാഹം ചെയ്തയയ്ക്കാം എന്നതാണു സ്ത്രീധനത്തിന്റെ ഒരു നേട്ടമായി പുസ്തകത്തിൽ പറയുന്നത്. ഫർണിച്ചർ, വാഹനങ്ങൾ ഉൾപ്പെടെ ലഭിക്കുന്നതിനും പുതിയ കുടുംബം സ്ഥാപിക്കുന്നതിനും സ്ത്രീധനം സഹായകമാണെന്നും വിശദീകരിക്കുന്നു. സ്ത്രീധനം വഴി ര‌ക്ഷിതാക്കളുടെ സ്വത്തിൽ ഒരു ഭാഗം പെൺകുട്ടികളിൽ എത്തിച്ചേരുന്നുവെന്നും ഇതിൽ പറയുന്നു. മാതാപിതാക്കൾ അവരുടെ പെൺകുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിനു പിന്നിലും സ്‌ത്രീധനമാണെന്നാണു മറ്റൊരു പരാമർശം. പഠിച്ച കുട്ടികൾക്കു സ്ത്രീധനം കുറച്ചു നൽകിയാൽ മതിയെന്നതു നേട്ടമാണെന്ന് പ‌ുസ്തകത്തിൽ പറയുന്നു.

ഒന്നാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർഥികൾക്കും പോസ്റ്റ് ബിഎസ്‍സി രണ്ടാം വർഷക്കാർക്കും സോഷ്യോളജി പഠിക്കാനുണ്ട്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ സിലബസ് അനുസരിച്ചു തയാറാക്കിയ പ്രസ്തുത പുസ്തകം ഒട്ടേറെ നഴ്സിങ് കോളജുകൾ ഉപയോഗിക്കുന്നുണ്ട്. ചെന്നൈയിലെ സ്വകാര്യ നഴ്സിങ് കോളജിൽ അധ്യാപികയായിരുന്ന ടി.കെ. ഇന്ദ്രാണി നഴ്സിങ് പഠനവുമായി ബന്ധപ്പെട്ട മറ്റു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

പേജിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കിട്ട ശിവസേനാ നേതാവും രാജ്യസഭാംഗവുമായ പ്രിയങ്ക ചതുർവേദി ഉൾപ്പെടെയുള്ളവർ പുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെട്ടു. പുസ്തകം വിപണിയിൽനിന്നു തിരികെ വിളിക്കണമെന്ന് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടിഎൻഎഐ) ആവശ്യപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here