gnn24x7

പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചു

0
108
gnn24x7

കൊച്ചി: പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. മലയാളത്തിൽ സമാന്തരമായി നീങ്ങിയ സമാന്തര–വിനോദ സിനിമകളെ സമന്വയിപ്പിച്ചതിൽ വലിയ പങ്കു വഹിച്ച പ്രതിഭയാണ് ജോൺ പോൾ. പരന്ന വായനയും ചിന്തയും എഴുത്തിന്റെ പാതയിൽ കരുത്താക്കിയ ജോൺ പോൾ സിനിമയുടെ സീമയും വിട്ട് എഴുത്തിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നു.

ജോണ്‍പോളിന്റെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് ലിസി ഹോസ്പിറ്റലില്‍നിന്നു പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളില്‍ എത്തിക്കും. 11 മണി വരെ പൊതുദര്‍ശനം. തുടര്‍ന്ന് എറണാകുളം സൗത്ത് കാരക്കാമുറി ചവറ കള്‍ച്ചറല്‍ സെന്ററില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. അവിടെ നിന്ന് 12.30 ന് മരട്, സെന്റ് ആന്റണീസ് റോഡ്, കൊട്ടാരം എന്‍ക്ലേവിലെ വസതിയിലെത്തിക്കും. 3 മണിയോടെ അന്ത്യ ശുശ്രൂക്ഷകള്‍ക്കായി എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലേക്ക് കൊണ്ടുപോകും.

നൂറോളം ചിത്രങ്ങൾക്ക് ജോൺ പോൾ തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. എംടി വാസുദേവൻനായർ സംവിധാനം ചെയ്ത സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിന്റെ നിർമാതാവായിരുന്നു. ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിച്ചു.

മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ‘എംടി ഒരു അനുയാത്ര’, പ്രതിഷേധം തന്നെ ജീവിതം, എന്റെ ഭരതൻ തിരക്കഥകൾ, സ്വസ്തി, കാലത്തിനു മുമ്പേ നടന്നവർ, ഇതല്ല ഞാൻ ആഗ്രഹിച്ചിരുന്ന സിനിമ, കഥയിതു വാസുദേവം, സൃഷ്ടിയുടെ കഥ സൃഷ്ടാവിന്റെയും, മധു- ജീവിതവും ദർശനവും, വിസ്മയാനുഭൂതികളുടെ പുരാവൃത്തം, പവിത്രം ഈ സ്മൃതി, പ്രതിഭകൾ മങ്ങുന്നത് എന്തുകൊണ്ട്, സിനിമയുടെ ആദ്യ നാൾവഴികളിലൂടെ, വിഗ്രഹഭഞ്ജകർക്കൊരു പ്രതിഷ്ഠ, മോഹനം ഒരുകാലം, രചന, മുഖ്യധാരയിലെ നക്ഷത്രങ്ങൾ, സ്മൃതി ചിത്രങ്ങൾ, വസന്തത്തിന്റെ സന്ദേശവാഹകൻ തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here