gnn24x7

നിസാമുദ്ദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ദല്‍ഹി ആരോഗ്യമന്ത്രി

0
367
gnn24x7

ന്യൂദല്‍ഹി: നിസാമുദ്ദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍. സമ്മേളനത്തില്‍ എത്രപേര്‍ പങ്കെടുത്തുവെന്ന കൃത്യമായ വിവരമില്ലെന്നും 1500 ന് മുകളില്‍ പേര്‍ ഉണ്ടായിരിക്കാമെന്നാണ് അനുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ പരിശോധനാഫലമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ കൂടി പരിശോധനാഫലങ്ങള്‍ പുറത്തുവരാനുണ്ട്.

അതേസമയം ദല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടിയന്തരയോഗം വിളിച്ചു.

തെലങ്കാനയില്‍ കൊവിഡ് 19 നെ തുടര്‍ന്ന് മരിച്ച ആറ് പേര്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു എന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ ക്വാലാലംപൂരില്‍ നടന്ന സൗത്ത് ഏഷ്യ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ നിന്നാണ് ദല്‍ഹിയിലെ നിസാമുദ്ദീനിലേക്ക് രോഗമെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്.

ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ക്വാലാലംപൂരില്‍ നിന്നും ചില വിദേശ പ്രതിനിധികള്‍ മാര്‍ച്ച് 10ന് തന്നെ ഇന്ത്യയില്‍ എത്തിയിരുന്നു.

ദല്‍ഹിക്ക് പുറത്ത് ദിയോബന്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഇവര്‍ സഞ്ചരിച്ചതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ കൊവിഡ് രോഗലക്ഷണങ്ങളോടെ 200ല്‍ അധികം പേരെ പൊലിസ് നിസാമുദ്ദീനില്‍ നിന്നും ആശുപത്രിയിലേക്ക് നീക്കിയിട്ടുണ്ട്. ആയിരത്തിലധികം പേര്‍ നിലവില്‍ നിസാമുദ്ദീന്‍ ആസ്ഥാനത്തുണ്ടെന്നാണ് പൊലിസിന്റെ സംശയം.

gnn24x7