gnn24x7

രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാന്‍ ശ്രമിക്കുകയാണ് കര്‍ണാടകത്തില്‍നിന്നുള്ള രണ്ട് ദേശീയ നേതാക്കള്‍

0
194
gnn24x7

ബെംഗലൂരു: ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാന്‍ ശ്രമിക്കുകയാണ് കര്‍ണാടകത്തില്‍നിന്നുള്ള രണ്ട് ദേശീയ നേതാക്കള്‍. ജെ.ഡി.എസിന്റെ അമരക്കാരനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവ ഗൗഡയും കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമാണ് വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുമകുരു സീറ്റില്‍ ദേവഗൗഡയും കല്‍ബുര്‍ഗിയില്‍ ഖാര്‍ഗെയും പരാജയപ്പെട്ടിരുന്നു.

ഒമ്പത് തവണ എം.എല്‍.എയും രണ്ട് തവണ ലോക്‌സഭാംഗവുമായിരുന്ന 78 കാരനായ ഖാര്‍ഗെയെ വീണ്ടും കളത്തിലിറക്കുകയാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ ഖാര്‍ഗെ.

സോണിയ ഗാന്ധിയുടെ ഇടപെടലിന് പിന്നാലെയാണ് ദേവഗൗഡയെ രാജ്യസഭയിലേക്കയക്കാന്‍ തീരുമാനിച്ചതെന്ന് ജെ.ഡി.എസ് വ്യക്തമാക്കി. ദേവഗൗഡയ്ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടാവുമെന്ന് സോണിയ അനൗദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്.

രാജ്യസഭയില്‍ ദേവഗൗഡയുടെ സാന്നിധ്യമുണ്ടാവണമെന്നാണ് തന്റെ എം.എല്‍.എമാരുടെ എല്ലാവരുടെയും ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും അറിയിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഗൗഡയ്ക്ക് പിന്തുണ നല്‍കാനാണ് കെ.പി.സി.സിയുടെ തീരുമാനമെന്ന് അധ്യക്ഷന്‍ ഡി.കെ ശിവകുമാറും വ്യക്തമാക്കി.

45 വോട്ടുകളാണ് വിജയിക്കാനായി വേണ്ടത്. 34 എം.എല്‍.എമാരുള്ള ജെ.ഡി.എസിന് 11 വോട്ടുകള്‍ക്കൂടിയാണ് വേണ്ടത്. ഗൗഡയെ കളത്തിലിറക്കിയാല്‍ ഇത് എളുപ്പം നേടാനാവുമെന്നാണ് കണക്കുകൂട്ടലുകള്‍. ഈ സീറ്റിലേക്ക് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ഇറക്കിയില്ലെങ്കില്‍ ഗൗഡയ്ക്ക് വിജയം എളുപ്പമാവും.

68 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് ഒരാളെ വിജയിപ്പിക്കാനാവുമെന്ന് ഉറപ്പാണ്. 23 വോട്ടുകള്‍ ബാക്കിയുണ്ടാവും.

നാല് സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ടെണ്ണം എളുപ്പം നേടാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. 117 എം.എല്‍.എമാരാണ് ബി.ജെ.പിക്കുള്ളത്. മൂന്നാം സ്ഥാനാര്‍ത്ഥിയെ ഇറക്കാനാണ് ബി.ജെ.പി തീരുമാനിക്കുന്നതെങ്കില്‍ ഗൗഡ വോട്ടെടുപ്പിനെ നേരിടേണ്ടി വരും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here