gnn24x7

ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം

0
249
gnn24x7

ന്യൂഡല്‍ഹി: ബിജെപിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കും.പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ബിജെപി രാജ്യമെങ്ങും നടത്തുന്ന പരിപാടിയാണിത്. ഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അമിത് ഷാ ഉദ്ഘാടനം ചെയ്യും. മുപ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് വിവരം.

ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ, വൈസ് പ്രസിഡന്റ് ശ്യാം ജാജു എന്നിവരും പങ്കെടുക്കും. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റാലിയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ബൂത്ത് തല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. രാവിലെ 11.30 ന് ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് സമ്മേളനം. തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രവര്‍ത്തകരെ തയ്യാറാക്കുകയാണ് റാലിയുടെ ലക്ഷ്യം.പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് രാജ്യമെങ്ങും ബിജെപി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്‍റെ ഭാഗമായി അമിത് ഷാ കേരളത്തിലും എത്തും.

ഈ മാസം 15 മുതല്‍ 25 വരെയാണ് കേരളത്തില്‍ പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.കേരളത്തില്‍ കോണ്‍ഗ്രസ്സും, സിപിഎമ്മും, മുസ്ലിം സംഘടനകളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്. കേരള നിയമസഭ നിയമത്തിനെതിരെ പ്രമേയവും പാസാക്കിയിരുന്നു.ഈ സാഹചര്യത്തില്‍ രാഷ്ട്രീയമായി പ്രതിഷേധങ്ങളെ പ്രതിരോധിക്കുന്നതിനാണ് ബിജെപി തയ്യാറെടുക്കുന്നത്.

ബിജെപിയെ മുന്‍ നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊണ്ടുള്ള മുഴുവന്‍ പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്യുക ആര്‍എസ്എസ് ആയിരിക്കും. വീടുകള്‍ കയറിഇറങ്ങിയുള്ള പ്രചാരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലാകും നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here