gnn24x7

രാഹുല്‍ ഗാന്ധി ലോക്ഡൗണില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി ഡോക്യുമെന്ററി തയ്യാറാക്കി കോണ്‍ഗ്രസ്

0
164
gnn24x7

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി ലോക്ഡൗണില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി ഡോക്യുമെന്ററി തയ്യാറാക്കി കോണ്‍ഗ്രസ്. ദല്‍ഹിയില്‍നിന്നും നടന്ന് നീങ്ങുന്ന അതിഥി തൊഴിലാളികളുമായി രാഹുല്‍ സംസാരിക്കുന്നതടക്കമുള്ള വീഡിയോകള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററിയാണ് പുറത്തിറക്കിയത്.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹരിയാനയിലെ ജോലി സ്ഥലത്തുനിന്നും സ്വദേശമായ യു.പിയിലെ ത്സാന്‍സിയിലേക്ക് കാല്‍നടയായി നീങ്ങിക്കൊണ്ടിരുന്ന നൂറുകണക്കിന് തൊഴിലാളികളെ ഞാന്‍ കണ്ടു. അവരുടെ ദുരന്തത്തിന്റെ നേര്‍ച്ചിത്രം, അതിജീവനം, ദൃഢനിശ്ചയം എന്നിവ കാണുക’, ഡോക്യുമെന്ററിയെക്കുറിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തതിങ്ങനെ.

കഴിഞ്ഞ ശനിയാഴ്ചയാണ് ദല്‍ഹി-ഫരീദാബാദ് അതിര്‍ത്തിക്ക് സമീപത്തുവെച്ചുള്ള മേല്‍പ്പാലത്തിന് സമീപത്തുകൂടി നാടുകളിലേക്ക് കാല്‍നടയായി മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികളുമായാണ് രാഹുല്‍ സംസാരിച്ചത്. അംബാലയില്‍നിന്നും പണവും ജോലിയും ഭക്ഷണവും ഇല്ലാതായതോടെയായിരുന്നു ഈ തൊഴിലാളികള്‍ കൂട്ടത്തോടെ നാടുകളിലേക്ക് കാല്‍നടയായി മടങ്ങാന്‍ തീരുമാനിച്ചത്. തൊഴിലാളികളുമായി സംസാരിച്ച രാഹുല്‍ അവരുടെ അടുത്തിരുന്ന് പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

‘രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍ വിവിധ സ്ഥലങ്ങളില്‍നിന്നും നാടുകളിലേക്ക് കാല്‍നടയായി മടങ്ങുന്ന ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ നേരിടുന്ന ദുരിതങ്ങള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. കുട്ടികളും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം വീടുകളിലേക്കെത്താന്‍ ശ്രമിക്കുകയാണ്. രാഹുല്‍ ഗാന്ധി ദുരിതമനുഭവിക്കുന്നവരെ നേരിട്ട് കണ്ടു. അവര്‍ക്ക് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു’, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

‘ഇത്തരത്തില്‍ ഒരു സംഘത്തെയാണ് രാഹുല്‍ കഴിഞ്ഞ ദിവസവും കണ്ടത്. 600 കിലോമീറ്റര്‍ നടക്കാന്‍ തീരുമാനിച്ചവരായിരുന്നു അവര്‍. ദല്‍ഹിയില്‍ വെച്ച് രാഹുവുമായി അവര്‍ ഒരു മണിക്കൂറോളം സംസാരിച്ചു. ആ ഒരുമണിക്കൂര്‍ അദ്ദേഹം അവരുടെ ജീവിതം കേട്ടു. അവര്‍ അനുഭവിച്ച ദുരിതങ്ങളും വിവേചനവും അദ്ദേഹം അടുത്തറിഞ്ഞു. കാല്‍നടയായി വീടുകളിലേക്ക് മടങ്ങാന്‍ അവരെ നിര്‍ബന്ധിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കി. അവരുടെ ഭയം, സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍ എല്ലാം അദ്ദേഹം തിരിച്ചറിഞ്ഞു’, സുര്‍ജേവാല വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി നേരിട്ട് കണ്ട സംഘത്തിന് അദ്ദേഹവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് വാഹനം ഏര്‍പ്പാടാക്കി നല്‍കിയിരുന്നെന്നും സുര്‍ജേവാല പറഞ്ഞു. രാഹുല്‍ തൊഴിലാളികളോട് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കമാണ് ഡോക്യുമെന്ററിയായി പുറത്തിറക്കിയിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here