ബെംഗളുരു: ഒടുവില്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഡികെ ശിവകുമാര്‍ കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ അധ്യക്ഷനായി ചുമതലയേറ്റു.
കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്ത് രാഷ്ട്രീയമായി ഏറെ പ്രതിസന്ധികളില്‍ കൂടെ കടന്ന് പോയപ്പോഴാണ് ഹൈക്കമാന്‍ഡ് സംസ്ഥനത്തെ ഏറ്റവും കരുത്തനായ നേതാവ്
ഡികെ ശിവകുമാറിനെ തന്നെ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ അധ്യക്ഷനായി തീരുമാനിച്ചത്.
മാര്‍ച്ച് 11 നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ അധ്യക്ഷനായി ഡികെ ശിവകുമാറിനെ നിശ്ചയിച്ചത്.
എന്നാല്‍ ഔദ്യോഗികമായി ചുമതലയേറ്റെടുക്കുന്ന ചടങ്ങ് കൊറോണ വൈറസ് ലോക്ക് ഡൌണിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു.
നേരത്തെ പലകുറി സ്ഥാനമേറ്റെടുക്കുന്നതിന് തീയതി നിശ്ചയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ ചൂണ്ടിക്കാട്ടി സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിന്
അനുമതി നിഷേധിക്കുകയായിരുന്നു.
ഒടുവില്‍ ലോക്ക് ഡൌണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ചുമതല ഏറ്റെടുകുന്നതിന് ഡികെ തയ്യാറാവുകയായിരുന്നു.
”പ്രതിജ്ഞ ദിന” എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിച്ചുകൊണ്ടാണ് ഡികെ ശിവകുമാര്‍ ചുമതല ഏറ്റെടുത്തത്.
വെര്‍ച്വല്‍ പൊതു പരിപാടി സംഘടിപ്പിച്ച് കൊണ്ടാണ് ഡികെ ശിവകുമാര്‍ കര്‍ണ്ണാടക പിസിസിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.
ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുന്നതിനായി 7,800 വലിയ ടെലിവിഷന്‍ സ്ക്രീനുകളാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
സ്ഥാപിച്ചത്.
ബെംഗളുരുവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വളരെ കുറച്ച് മുതിര്‍ന്ന നേതാക്കള്‍ മാത്രമാണ് പങ്കെടുത്തത്,ചടങ്ങുകള്‍ സമൂഹമാധ്യമങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു,പാര്‍ട്ടി ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്ന് ഡികെ ശിവകുമാര്‍ ചുമതലയേറ്റെടുത്ത് കൊണ്ട് പറഞ്ഞു.






































