gnn24x7

കോവിഡ്മരണങ്ങളുടെ കണക്കിൽ കുറവുവന്നെങ്കിലും ഓരോ ദിവസവും ബ്രിട്ടനിൽ തൊഴിൽ നഷ്ടങ്ങളുടെ എണ്ണം കൂടുന്നു

0
225
gnn24x7

ലണ്ടൻ: കോവിഡ്മരണങ്ങളുടെ കണക്കിൽ കുറവുവന്നെങ്കിലും ഓരോ ദിവസവും ബ്രിട്ടനിൽ തൊഴിൽ നഷ്ടങ്ങളുടെ എണ്ണം കൂടിവരികയാണ്. ആയിരക്കണക്കിന് തൊഴിൽ നഷ്ടങ്ങളുടെ കണക്കാണ് ഓരോ വൻകിട കമ്പനികളും ദിവസവും പുറത്തുവിടുന്നത്. ഓരോ വാർത്തയിലും പൊലിയുന്നത് ആ തൊഴിലിനെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ നിലനിൽപാണ്. കോവിഡ് വിതച്ച മരണത്തിന്റെ ദുരന്തേക്കാൾ വലുതായിരിക്കും തൊഴിൽ നഷ്ടത്തിന്റെ കണക്കുകൾ എന്നാണ് പുറത്തുവരുന്ന സൂചനകൾ.

ലോകത്തിലെ ഏറ്റവും വലിയ വിമാനനിർമാണ കമ്പനിയായ എയർബസ് 15,000 ജീവനക്കാരെയാണ് പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചത്. ജർമനിയിൽ 5100 പേർക്കും ഫ്രാൻസിൽ 5000 പേർക്കും, ബ്രിട്ടണിൽ 1,700 പേർക്കും, സ്പെയിനിൽ 900 പേർക്കും മറ്റു രാജ്യങ്ങളിൽ 1,300 പേർക്കുമാകും തൊഴിൽ നഷ്ടമാകുക. ലോകമെമ്പാടുമായി 1,34,000 ജീവനക്കാർ ജോലിചെയ്യുന്ന കമ്പനിയാണ് എയർബസ്. മാസം തോറും 40 എയർബസ് എ-320 വിമാനങ്ങൾ നിർമിക്കുന്ന കമ്പനിയുടെ ഉൽപന്നങ്ങളെല്ലാം മൂന്നുമാസമായി വിൽപനയില്ലാത്ത അവസ്ഥയിലാണ്.

ഇതിനു പുറമേ ബ്രിട്ടണിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 11,000 ജോലികളാണ് വിവിധ കമ്പനികൾ വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. ബജറ്റ് എയർലൈൻ കമ്പനിയായ ഈസി ജെറ്റ് 1300 ജീവനക്കാരെയും 727 പൈലറ്റുമാരെയും കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇവരുടെ ബ്രിട്ടണിലെ മൂന്ന് എയർബേസുകൾ അടച്ചുപൂട്ടാനാണ് ആലോചന. ജെറ്റ് -2 എയർവേസ്, വെർജിൻ എയർലൈൻ, റയൺ എയർ, ബ്രിട്ടീഷ് എയർവേസ്, തുടങ്ങിയ വിമാനക്കമ്പനികൾ നേരത്തെ തന്നെ പൈലറ്റുമാരെയും മറ്റു ജീവനക്കാരെയും വൻതോതിൽ കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.

പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ ജോൺ ലൂയിസ് ഏതാനും സ്റ്റോറുകൾ അടയ്ക്കുമെന്ന് പ്രഖ്യാപിച്ചു. അപ്പർ ക്രസ്റ്റ് ഉടമകളായ എസ്എസ്പി. ഗ്രൂപ്പ് 5,000 സ്റ്റാഫിനെയാണ് കുറയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ലോകത്തെ മുൻനിര ബ്രാൻഡായ ഹാരോഡ്സ് 700 പേരെയും ടോപ് ഷോപ്പ് റീട്ടെയ്ൽ കമ്പനി 500 പേരെയും കുറയ്ക്കുമെന്ന് അറിയിച്ചു. വെർജിൻ മണി 300 ജീവനക്കാരെയാണ് ഉടൻ പിരിച്ചുവിടുന്നത്. ഷർട്ട് നിർമാതാക്കളായ ടിഎം ലൂയിൻ 600 പേരെ കുറയ്ക്കും.

500 വർഷത്തിലേറെ പാരമ്പര്യമുള്ള ബ്രിട്ടനിലെ കുത്തക പോസ്റ്റൽ കമ്പനിയായ റോയൽ മെയിൽ 2000 മാനേജ്മെന്റ് സ്റ്റാഫിനെ കുറയ്ക്കാനുള്ള തീരുമാനത്തിലാണ്. ചെറുകിട സ്ഥാപനങ്ങളിലെ കണക്കില്ലാത്ത തൊഴിൽ നഷ്ടങ്ങൾക്കൊപ്പമാണ് അടച്ചുറപ്പുണ്ടെന്ന് കരുതിയിരുന്ന ഈ വൻകിട സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൂട്ടപ്പിരിച്ചു വിടൽ.

രാഷ്ട്രീയ നിലനിൽപ് ഭീഷണിയിലായ മുപ്പതു ലക്ഷത്തോളം ഹോങ്കോങ്ങ് നിവാസികൾക്ക് ബ്രിട്ടനിലേക്ക് കുടിയേറാനും പൗരത്വം നൽകാനും അനുമതി നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ പ്രഖ്യാപിച്ചു. ചൈനയുടെ പുതിയ സുരക്ഷാനിയമങ്ങൾ ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൂന്നര ലക്ഷത്തോളം വരുന്ന ഓവർസീസ് ബ്രിട്ടീഷ് പാർസ്പോർട്ട് ഹോൾഡർമാക്ക് യാത്രാ ഇളവുകളും മറ്റുള്ള 26 ലക്ഷത്തോളം പേർക്ക് അഞ്ചുവർഷത്തിനുള്ളിൽ ഇവിടെയെത്തി പൗരത്വത്തിന് അപേക്ഷ നൽകാനും അനുമതി നൽകുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ബ്രിട്ടീഷ് നാഷനൽ ഓവർസീസ് പാർസ്പോർട്ട് ഹോൾഡർമാരായ ഹോങ്കോങ്ങുകാർക്ക് വീസയില്ലാതെ ആറുമാസം വരെ ബ്രിട്ടനിൽ താമസിക്കുന്നതിനായിരുന്നു അനുമതി ഉണ്ടായിരുന്നത്. ഇതുമാറ്റി അവർക്കും ആശ്രിതർക്കും ബ്രിട്ടനിൽ തുടരാനും ജോലി ചെയ്യാനും പഠിക്കാനും അനുമതി നൽകും. അഞ്ചുവർഷത്തിനുശേഷം അവർക്ക് സെറ്റിൽമെന്റിന് അപേക്ഷിക്കാം.

ബ്രിട്ടനിൽ 176 പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 43,906 ആയി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here