ന്യൂഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ദ്രൗപദി മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങൾ പരസ്പരം മാറി.
പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന സത്യപ്രതിജ്ഞച്ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാസ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ,ഗവർണർമാർ, മുഖ്യമന്ത്രിമാർ,വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികൾ,മൂന്നുസേനകളുടെയും മേധാവികൾ, പാർലമെന്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുർമു ഈ പരമോന്നത പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. അറുപത്തിനാലു ശതമാനം വോട്ടു നേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകൾ ഇതിശ്രീ, മകളുടെ ഭർത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങൾ തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു.