gnn24x7

ഒത്തുകളി: അഞ്ച് ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾക്കെതിരെ അന്വേഷണത്തിന് സിബിഐ

0
164
gnn24x7

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സിബിഐ. അന്താരാഷ്ട്ര വാതുവെപ്പ് സംഘങ്ങൾ ഇന്ത്യൻ ഫുട്ബോൾ ക്ലബുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആസ്ഥാനം സിബിഐ സംഘം സന്ദർശിച്ചിരുന്നു. സംശയനിഴലിലുള്ള ക്ലബുകളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവെന്നാണ് വിവരം.

സിംഗപ്പുരിൽ നിന്നുള്ള കുപ്രസിദ്ധ വാതുവെപ്പുകാരൻ വിൽസൺ രാജ് പെരുമാൾ ഇന്ത്യൻ ക്ലബ്ബുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1995-ൽ ആദ്യമായി ഒത്തുകളിക്ക് ജയിലിലായ പെരുമാൾ ഫിൻലൻഡ്, ഹംഗറി എന്നിവിടങ്ങളിലെ കേസുകളിലും പ്രതിയാണ്.

ഒത്തുകളിയോട് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഒട്ടും സഹിഷ്ണുത കാട്ടില്ലെന്ന് എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ട് ക്ലബുകൾക്ക് കത്തയച്ചിട്ടുണ്ടെന്നും ഇന്ത്യൻ ഫുട്ബോളും ഒത്തുകളിക്കാരും തമ്മിൽ യാതൊരു ബന്ധമില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കരാറുകൾ, സ്പോൺസർമാർ എന്നിവ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് സിബിഐയും ക്ലബ്ബുകൾക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസ് ഉൾപ്പടെ ഐ ലീഗിൽ മത്സരിച്ചിട്ടുള്ള അഞ്ച് ടീമുകൾക്കെതിരെയാണ് അന്വേഷണം.ഐഎസ്എൽ കഴിഞ്ഞാൽ ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റാണ് ഐ ലീഗ്. ഈ വർഷം ആദ്യം മാർച്ച് 15-നും മാർച്ച് 24-നും നടന്ന ആറ് ഗോവ പ്രോ ലീഗ് മത്സരങ്ങളിൽ ഒത്തുകളി നടന്നിട്ടുണ്ടെന്ന സംശയമുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here