gnn24x7

നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയെ ബാധിക്കും, സത്യവാങ്മൂലം സമർപ്പിക്കണം- കേന്ദ്രത്തോട് കോടതി

0
91
gnn24x7

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഗൗരവമേറിയ വിഷയമാണെന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം. മതം മാറാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. എന്നാൽ നിർബന്ധിത മതപരിവർത്തനം നടത്താനുളള അവകാശം ആർക്കും നൽകുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിർബന്ധിത മതപരിവർത്തനം തടയുന്നതിന് സ്വീകരിക്കുന്ന നടപടികൾ നവംബർ 22- നകം അറിയിക്കാനും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.

ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സർക്കാരിനോട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ നിർദേശിച്ചത്. ഭീഷണിയും, പ്രലോഭനങ്ങളും കൊണ്ട് നടത്തുന്ന മതപരിവർത്തനങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികളാണ് കേന്ദ്രം കോടതിയെ അറിയിക്കേണ്ടത്. കേന്ദ്രത്തിന്റെ സത്യവാങ്മൂലം നവംബർ 28-ന് സുപ്രീം കോടതി പരിഗണിക്കും.

മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള സംസ്ഥാന നിയമം ഉണ്ടെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഈ നിയമങ്ങൾ, ഭരണഘടനപരമായി സാധുവാണെന്ന് സുപ്രീം കോടതിയും വിധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോത്രവർഗ മേഖലകളിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്നും തുഷാർ മേത്ത സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. നിർബന്ധിത മതപരിവർത്തനംഭരണഘടനാവിരുദ്ധമാണെന്ന് വിധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് അശ്വനി ഉപാധ്യായ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here