gnn24x7

ഇന്ത്യയുടെ 5 ജി നെറ്റ് വര്‍ക്ക് പരീക്ഷണങ്ങളില്‍ നിന്ന് ചൈനയുടെ വാവേയെ ഒഴിവാക്കാന്‍ അന്തിമ തീരുമാനമായതായി സൂചന

0
380
gnn24x7

ഇന്ത്യയുടെ 5 ജി നെറ്റ് വര്‍ക്ക് പരീക്ഷണങ്ങളില്‍ നിന്ന് ചൈനയുടെ വാവേ ടെക്നോളജീസിനെയും ഇസെഡ് ടി ഇ കോര്‍പറേഷനേയും ഒഴിവാക്കാന്‍ അന്തിമ തീരുമാനമായതായി സൂചന. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള ലേലം നിയന്ത്രിക്കുന്നതിന് ഭേദഗതി ചെയ്ത നിക്ഷേപ നിയമം ഇതിനായി ഇന്ത്യ ചൈനക്കെതിരെ ബാധകമാക്കും.

ഇരു രാജ്യങ്ങളും തമ്മില്‍ നാലു പതിറ്റാണ്ടായി നിലനില്‍ക്കുന്ന ബന്ധം അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഏറ്റവും വഷളായതിനെ തുടര്‍ന്നാണ് തീരുമാനം. ഈ വര്‍ഷം തുടക്കത്തില്‍ ഇന്ത്യയുടെ 5ജി പരീക്ഷണങ്ങളില്‍ ചൈനീസ് കമ്പനികളേയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ അതിര്‍ത്തിയില്‍ ചൈന നടത്തിയ നീക്കം ഇന്ത്യയെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.തങ്ങള്‍ വികസിപ്പിച്ചെടുത്ത 5ജി നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തി പ്രവര്‍ത്തനം നടത്തുമെന്ന് പ്രഖ്യാപിച്ച ജിയോ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള അനുവാദം കിട്ടുന്ന മുറയ്ക്ക് ഒന്നോ രണ്ടോ ആഴ്ചകള്‍ക്കകം നിരോധന പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസോ വാര്‍ത്താ വിതരണ മന്ത്രാലയമോ മറുപടി നല്കിയില്ല. ഇ-മെയില്‍ വഴിയുള്ള അന്വേഷണങ്ങളോട് ഹുവാവേ, ഇസഡ് ടി ഇ കമ്പനികളും പ്രതികരിച്ചില്ല.വാവേയെ പടിക്കു പുറത്തു നിര്‍ത്തിയത് റിലയന്‍സിനും വലിയ പ്രതിസന്ധിയായിട്ടുണ്ട്. എങ്കിലും പുതിയ രീതിയിലേക്ക് മാറുന്നതിന് തങ്ങള്‍ക്ക് കൂടുതല്‍ ചെലവഴിക്കേണ്ടി വരില്ലെന്നാണ് റിലയന്‍സ് പറയുന്നത്.

ചൈനയുമായി ബന്ധമുള്ള കമ്പനികള്‍ക്കു നേരെ ചുവന്ന കൊടി കാണിച്ച യു.എസ്, യു.കെ, ആസ്ത്രേലിയ എന്നീ രാജ്യങ്ങളുടെ നടപടികളുടെ പ്രതിഫലനം കൂടിയാണ് ഇന്ത്യയുടെ തീരുമാനം. ചൈനയുടെ രണ്ടു കമ്പനികളും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യു എസ് ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം 5ജി ലേല നടപടികള്‍ അടുത്ത വര്‍ഷത്തോടെയാകും നടപ്പാക്കുക.  5 ജി പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്താ വിതരണ മന്ത്രാലയം നടത്തിയിരുന്ന ചര്‍ച്ചകള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നത് ഉടന്‍ പുനഃരാരംഭിക്കും. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നീ സ്വകാര്യ കമ്പനികളുമായാണ് 5ജി പരീക്ഷണ ചര്‍ച്ചകള്‍ നടത്തുന്നത്.

ടെലികോം അടിസ്ഥാന സൗകര്യമെന്നത് ദേശീയ സുരക്ഷയുടെ ഭാഗമാണെന്ന് സിഡ്നി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പറേഷന്‍ അനലിസ്റ്റ് നിഖില്‍ ഭാത്ര പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ കമ്പോളം അടിസ്ഥാന സൗകര്യങ്ങളുടേത് ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍  അഭിമുഖീകരിക്കുന്നുണ്ട്. വളരെ ചെറിയ നെറ്റ്വര്‍ക്ക് ഉപകരണ കമ്പോളമാണ് ഇന്ത്യയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ തീരുമാനം വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പറേഷന്റെ കണക്കുകള്‍ പ്രകാരം ടെലികോം കമ്പനികള്‍ നാല് ബില്യണ്‍ ഡോളറാണ് നിക്ഷേപിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ 4ജി നെറ്റ്വര്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ഭാരതി, വോഡഫോണ്‍ ഗ്രൂപ്പുകള്‍ക്ക് പുതിയ 5ജി പ്രവര്‍ത്തനവും ഭാരിച്ചതാകാനാണ് സാധ്യത. റിലയന്‍സിലാവട്ടെ നിലവില്‍ 4ജി ഉപകരണങ്ങളില്‍ പലതും ചൈനീസ് നിര്‍മിതവുമാണ്. അതുകൊണ്ടുതന്നെ വാവേ, ഇസഡ് ടി ഇ തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്കു നേരെ വാതില്‍ കൊട്ടിയടക്കുന്നത് 35 ശതമാനം ചെലവ് വര്‍ധിപ്പിക്കുമെന്നാണ് എസ് ബി ഐ കാപ് സെക്യൂരിറ്റീസ് ലിമിറ്റഡ് റിസര്‍ച്ച് ഹെഡ് രാജീവ് ശര്‍മ പറയുന്നത്.  സാമ്പത്തിക മാന്ദ്യം മൂലം അടുത്തൊന്നും 5ജി സ്പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാറിന് സാധിക്കില്ലെന്ന നിരീക്ഷണവും മേഖലയിലുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here