ന്യുഡൽഹി: രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 1600 കടന്നു. 12 മണിക്കൂറിനിടെ 200 പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.ഒരു ദിവസം പുതുതായി ഇത്രയും പേർക്ക് രോഗബാധ കണ്ടെത്തുന്നത് ആദ്യമായാണ്. ഇതുവരെ 53 പേരാണ് രാജ്യത്ത് മരിച്ചത്. ഇന്ന് പശ്ചിമബംഗാളിൽ രണ്ടുമരണം സ്ഥിരീകരിച്ചു. കൂടാതെ ഉത്തർപ്രദേശിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.
ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിലാണ് കൂടുതലും പുതുതായി രോഗബാധ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ 302 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇന്നുപുലർച്ചെ ഒരാൾ കൂടി മരിച്ചു. സംസ്ഥാനത്തെ 11ാമത്തെ മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഡൽഹി, തമിഴ്നാട്, മധ്യപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് കൂടുതൽ കോവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ മാത്രം 100 ലധികം പേരിലാണ് കോവിഡ് ബാധ കണ്ടെത്തിയത്.






































