gnn24x7

സംസ്ഥാനത്ത് സംഭരിക്കുന്ന പാല്‍ വിപണനം ചെയ്യാന്‍ കഴിയാതെ മില്‍മ സംഭരണം നിര്‍ത്തിയതോടെ പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകര്‍.

0
166
gnn24x7

കോഴിക്കോട്: സംസ്ഥാനത്ത് സംഭരിക്കുന്ന പാല്‍ വിപണനം ചെയ്യാന്‍ കഴിയാതെ മില്‍മ സംഭരണം നിര്‍ത്തിയതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍.

പാലക്കാടും മലബാര്‍ മേഖലയിലും അടക്കം കറന്നെടുത്ത പാല്‍ ഒഴിക്കിക്കളയേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കറന്നെടുത്ത പാല്‍ എവിടെ കൊണ്ടുപോകുമെന്ന് അറിയാതെ പ്രതിസന്ധിയിലായ കര്‍ഷകരാണ് ഒടുവില്‍ പാല്‍ ഒഴുക്കിക്കളഞ്ഞത്. പാലക്കാട് ചിറ്റൂര്‍ മേഖലയില്‍ മാത്രം ഏകദേശം എണ്‍പതിനായിരം ലിറ്റര്‍ പാലാണ് ഒഴുക്കിക്കളയേണ്ടി വന്നത്.

സംഭരിക്കുന്ന പാല്‍ വിപണനം ചെയ്യാന്‍ സാധിക്കാത്തതാണ് മില്‍മ സംഭരണം നിര്‍ത്താനുള്ള കാരണം. ഇതോടെ കടുത്ത പ്രതിസന്ധിയാണ് മലബാര്‍ മേഖലയിലുള്‍പ്പെടെ ക്ഷീരകര്‍ഷകര്‍ നേരിടുന്നത്.

മലബാര്‍ മേഖലയില്‍ ഓരോ ദിവസവും മില്‍മ 6 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. ഇതില്‍ മൂന്ന് ലക്ഷം ലിറ്റര്‍ പാല്‍ ചെറുകിട വിപണിയിലൂടെ വിറ്റഴിക്കുന്നതാണ് രീതി. ബാക്കിയുള്ള പാല്‍ തമിഴ്‌നാട്ടിലെത്തിച്ച് പാല്‍പ്പൊടിയാക്കുകയോ ഐസ്‌ക്രീം പോലെയുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് വിനിയോഗിക്കുകയോ ചെയ്യും.

എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ വിപണനം 3 ലക്ഷം ലിറ്ററായ കുറഞ്ഞു. പാല്‍ വീടുകളിലും ഫ്‌ളാറ്റുകളിലും എത്തിച്ച് ലോങ് ലൈഫ് പാല്‍ വിതരണം നടത്തി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഇതും കാര്യമായി വിജയിച്ചില്ല. മിച്ചം വരുന്ന പാലിന്റെ ചെറിയൊരളവ് മില്‍മ തിരുവനന്തപുരം യൂണിയന്‍ വാങ്ങിയിരുന്നെങ്കിലും തിരുവനന്തപുരത്തും പ്രതിസന്ധി രൂക്ഷമായി കഴിഞ്ഞു.

കഴിഞ്ഞ ദിവസം വരെ 2 ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി മാറ്റിയിരുന്നു. എന്നാല്‍ ആലപ്പുഴയില്‍ മില്‍മയുടെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി കാലഹരണപ്പെട്ടതും തിരിച്ചടിയായി. ഇതുമൂലം ഇതര സംസ്ഥാനങ്ങളിലെത്തിച്ച് പൊടിയാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഓരോ ലിറ്റര്‍ പാലിലും 10 രൂപയോളം അധികചിലവാണ് ഇതുമൂലമുണ്ടാകുന്നത്.

തമിഴ്‌നാട് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ കേരളത്തില്‍ നിന്നുള്ള പാല്‍ എടുക്കില്ലെന്ന് അറിയിച്ചതും തിരിച്ചടിയായി. അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ തമിഴ്‌നാടുമായി സംസാരിക്കുകയാണെന്നാണ് മന്ത്രി കെ. രാജു പ്രതിസന്ധി സംബന്ധിച്ച് പ്രതികരിച്ചത്. വൈകാതെ തന്നെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാളെ മുതല്‍ അന്‍പത് ശതമാനം പാല്‍ സംഭരിക്കുമെന്നാണ് മില്‍മയുടെ അറിയിപ്പ്. കഴിഞ്ഞ മാര്‍ച്ച് 24 നും മില്‍മ പാല്‍ സംഭരിച്ചിരുന്നില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here