gnn24x7

യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസിനു അവസരമൊരുക്കി ഇന്ത്യന്‍ സൈന്യം

0
194
gnn24x7

ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസിനു അവസരമൊരുക്കി ഇന്ത്യന്‍ സൈന്യം. 

വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജവാന്മാരായും ഓഫീസര്‍മാരായും സേവനം അനുഷ്ഠിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.  ഇന്ത്യയിലെ യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തേക്ക് സൈനീക സേവനം നടത്താന്‍ കഴിയുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി (TOD) പദ്ധതിയാണിത്. 

ഏഴ് വര്‍ഷത്തേക്ക് വരെ സൈന്യത്തിലേക്ക് ഡപ്പ്യൂട്ടേഷനില്‍ ആളുകളെ നിയമിക്കുന്ന കാര്യവും ഇന്ത്യന്‍ സൈന്യത്തിന്‍റെ പരിഗണിക്കുന്നുണ്ട്. അര്‍ധസൈനിക വിഭാഗത്തില്‍ നിന്നും കേന്ദ്ര പോലീസ് സേനയില്‍ നിന്നു൦ നിയമിക്കുന്ന ഇവര്‍ക്ക് നിശ്ചിത കലാവധിയ്ക്ക് ശേഷം മാതൃസ്ഥാപനങ്ങളിലേക്ക് മടങ്ങാം. 

രാജ്യത്തെ യുവാക്കള്‍ക്ക് സൈനിക ജീവിതം പരിചയപ്പെടുത്തുക അവരില്‍ കൂടുതല്‍ ദേശസ്നേഹം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തിന്‍റെ പുതിയ പദ്ധതി. ഹ്രസ്വകാല റിക്രൂട്ട്മെന്‍റായാതിനാല്‍ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടായിരിക്കുന്നതല്ല. പ്രായവും ശാരീരിക ക്ഷമതയുമാകും പ്രധാന മാനദണ്ഡങ്ങള്‍.

1000 ജവന്മാരെയും 100 ഓഫീസര്‍മാരെയുമാകും ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുക. അതിര്‍ത്തിയിലും മുന്‍ നിരയിലും ഇവരെ ജോലിയ്ക്ക് നിയമിക്കുമെന്നും ഇവര്‍ക്ക് നല്‍കുന്ന ജോലികളിലും ഇളവുണ്ടാകില്ലെന്നും സൈനീക വക്താവ് അറിയിച്ചു. 

പൂര്‍ണമായും സൈനിക സേവനം ആഗ്രഹിക്കാത്ത,  എന്നാല്‍ സൈനികജീവിതം അറിയാന്‍ താല്പര്യമുള്ള യുവാക്കളെ ആകര്‍ഷിക്കുന്നതാണ് പുതിയ പദ്ധതി. നിലവില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ വ്യവസ്ഥയില്‍ പത്ത് വര്‍ഷത്തേക്ക് നിയമിക്കുന്നവര്‍ക്ക് 14 വര്‍ഷത്തേക്ക് ഈ കാലാവധി നീട്ടാവുന്നതാണ്.

10 വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്ന ഒരു ഓഫീസര്‍ക്ക് പരിശീലനം, ശമ്പളം, മറ്റ് ചിലവുകള്‍ എന്നിവയ്ക്കായി 5.12 കോടിയാണ് ചിലവ്. ഇത് 14 വര്‍ഷമാണെങ്കില്‍ 6.83ആണ് ചിലവ്. എന്നാല്‍, പുതിയ പദ്ധതി പ്രകാരം മൂന്ന്‍ വര്‍ഷത്തിനു ശേഷം വിരമിക്കുന്ന ഒരു സൈനികന് 80-85 ലക്ഷം വരെയാണ് ചിലവ്. ഇങ്ങനെ 1000 ജവാന്‍മാരെ തിരഞ്ഞെടുത്താല്‍ 11,000 കോടി ലാഭിക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. 

മാത്രമല്ല, സൈനിക പരിശീലന൦ ലഭിക്കുന്ന യുവാക്കള്‍ക്ക് ആത്മവിശ്വാസം, ടീംവര്‍ക്ക്, ഉത്തരവാദിത്തം, സ്ട്രെസ് മാനേജ്മെന്‍റ്, സാമൂഹിക ശേഷി എന്നിവ വര്‍ദ്ധിക്കും. ഇത് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താന്‍ ഇവരെ സഹായിക്കും. 

22-23 വയസുകാരായ സാധാരണ യുവാക്കളെക്കാള്‍ കോര്‍പ്പറേറ്റ് ലോകം പരിഗണിക്കുക സൈനിക പരിശീലനം ലഭിച്ച 26-27 വയസുള്ള യുവാക്കളെയാണെന്നും സൈന്യം സൂചിപ്പിക്കുന്നു. 

 


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here