ന്യൂഡല്‍ഹി: റെയിൽവേ വരുമാനം കൂട്ടാൻ വിമാനത്താവളങ്ങളിലെന്ന പോലെ റെയിൽവേ സ്റ്റേഷനുകളിലും യൂസേഴ്സ് ഫീ ഏർപ്പെടുത്താൻ നിർദേശം. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി വൈകാതെ സമർപ്പിക്കുമെന്നു റെയിൽവേ അധികൃതർ പറഞ്ഞു.
എസി കോച്ചുകളിൽ വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തി പണം ഈടാക്കാനും സാധ്യത ആരായുന്നു. ഓൺ ഡിമാൻഡ് സിനിമ, പാട്ട് എന്നിവ ലഭ്യമാക്കാനാണ് ആലോചന.വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ ഇളവുകൾ നൽകുന്നതിനാൽ റെയിൽവേയ്ക്കു ലാഭമുണ്ടാക്കാൻ കഴിയുന്നില്ലെന്നും ഈ ഇളവുകൾ നിർത്തുകയോ നിയന്ത്രിക്കുകയോ വേണമെന്നും സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഇതു ചൂണ്ടിക്കാട്ടിയാണു റെയിൽവേയുടെ ഇപ്പോഴത്തെ നീക്കങ്ങൾ. കഴിഞ്ഞ ദിവസം 4 പൈസ വരെ ടിക്കറ്റ് നിരക്കു കൂട്ടിയതും സിഎജി റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. റെയിൽവേയുടെ വരുമാനക്കമ്മി നിലവിൽ 46,000 കോടി രൂപയാണ്. ടിക്കറ്റ് നിരക്ക് വർധനയിലൂടെ പ്രതിവർഷം 2300 കോടി രൂപയുടെ വരുമാന വർധനയാണു പ്രതീക്ഷിക്കുന്നത്.