gnn24x7

കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണം: കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബാലാവകാശ കമ്മിഷൻ

0
156
gnn24x7

ന്യൂഡൽഹി: കുട്ടികളെ ഉൾപെടുത്തിയുള്ള ചിത്രീകരണത്തിനു കർശന മാർഗനിർദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മിഷൻ. ആറു മണിക്കൂറിൽ കൂടുതൽ ചിത്രീകരണം പാടില്ല. ഓരോ മൂന്നു മണിക്കൂറിലും ഇടവേള നൽകണം. ആറു വയസ്സിൽ താഴെയുള്ള കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിൽ ലൈറ്റിങ്ങിനും മേയ്ക്കപ്പിനും വരെ നിയന്ത്രണങ്ങളുണ്ടാകും. കരടു നിർദേശങ്ങൾക്ക് രണ്ടുമാസത്തിനകം അന്തിമരൂപം നൽകി പ്രാബല്യത്തിൽ വരുത്തുമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ പറഞ്ഞു.

സിനിമ, വാർത്തചാനലുകൾ, ടിവി പരിപാടികൾ, സമൂഹമാധ്യമങ്ങൾ, ഒടിടി പ്ലാറ്റ് ഫോമുകൾ എന്നിവയിൽ കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിനും ദൃശ്യങ്ങൾ പകർത്തുന്നതിനുമാണ് കരട് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. മൂന്നുമാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിൽ പങ്കെടുപ്പിക്കരുത്.

മുലയൂട്ടൽ, പ്രതിരോധകുത്തിവയ്പ്പ് എന്നിവയുടെ പ്രചാരണത്തിന് ഇളവുണ്ട്.കുട്ടികളെ മാനസികമായി സമ്മർദത്തിലാക്കുന്നതോ, അവഹേളിക്കുന്നതോ ആയ പരിപാടികൾ പാടില്ല. കുട്ടികളെ നിർബന്ധിത കരാറിനു വിധേയരാക്കരുത്. ലൊക്കേഷനിൽ കുട്ടികളുമായി ഇടപഴകുന്നവർക്ക് സാംക്രമിക രോഗങ്ങളില്ലെന്ന് ഉറപ്പാക്കണം. ഇതിനായി ആരോഗ്യസർട്ടിഫിക്കറ്റ് വാങ്ങിവയ്ക്കണം. പൊലീസ് വെരിഫിക്കേഷനും നടത്തണം.

ആറു വയസ്സിൽ താഴെയുള്ള കുട്ടികളെ അപകടകരമായ ലൈറ്റിങ്ങിനോ, ഹാനികരമായ മേയ്ക്കപ്പിനോ വിധേയരാക്കരുത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഡ്രസിങ് റൂമുകൾ വേണം. ആറു മണിക്കൂറിൽ കൂടുതൽ ചിത്രീകരണം പാടില്ല. ഓരോ മൂന്നു മണിക്കൂറിലും ഇടവേള നൽകണം. പഠനം തടസ്സപ്പെടാതിരിക്കുകയും ഭക്ഷണം, വെള്ളം എന്നിവ കൃത്യമായി ഉറപ്പാക്കുകയും വേണം.

ലൈംഗിക ചൂഷണം, കുട്ടിക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ഇരകളാകുന്ന കുട്ടികളുമായി വാർത്ത ചാനലുകൾ സംസാരിക്കുമ്പോൾ അതീവ കരുതൽ വേണം. ഇത്തരം വാർത്തകൾ സെൻസേഷനലാക്കരുത്. സംസാരിക്കാൻ കുട്ടികളെ മാതാപിതാക്കൾ നിർബന്ധിക്കരുത്. കുട്ടികളിൽ അപഹർഷതാബോധമുണ്ടാക്കുന്ന പരസ്യങ്ങൾ പാടില്ല. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് മൂന്നുവർഷംവരെ തടവുശിക്ഷ ലഭിക്കാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here