gnn24x7

നിര്‍ഭയ കേസില്‍ പ്രതിയായ അക്ഷയ് താക്കൂര്‍ സമര്‍പ്പിച്ചിരിക്കുന്ന തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി

0
185
gnn24x7

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതിയായ അക്ഷയ് താക്കൂര്‍ സമര്‍പ്പിച്ചിരിക്കുന്ന തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി.

ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍, ഹര്‍ജി പരിഗണനാ യോഗ്യമല്ലെന്നും പുതുതായി യാതൊന്നും ഹര്‍ജിയില്‍ ഇല്ല എന്നും ചൂണ്ടിക്കാട്ടിയാണ് അഞ്ചംഗ ബെഞ്ച് ഹര്‍ജി തള്ളിയത്.
 
ഇതിന് മുന്‍പ് കേസിലെ മറ്റു പ്രതികളായ മുകേഷ് സിംഗും വിനയ് ശര്‍മയും സമര്‍പ്പിച്ചിരുന്ന തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

വധശിക്ഷ ജീവപര്യന്തമായി മാറ്റണമെന്നായിരുന്നു അക്ഷയ് താക്കൂര്‍ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്‌. നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ ശരിവയ്ക്കുന്ന 2017 മെയ് 5ലെ ഉത്തരവ് ഉന്നത കോടതി മാറ്റിവയ്ക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു.

പ്രതിയ്ക്കായി അഭിഭാഷകന്‍ എ പി സിംഗ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്‌. പ്രതിയ്ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ല, പ്രതിയുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ, പ്രതിയുടെ മാനസാന്തര സാധ്യത തുടങ്ങിയവ വിധി പ്രസ്താവിച്ചവേളയില്‍ കോടതി പരിഗണിച്ചില്ല എന്നും അക്ഷയ് താക്കൂറിന്‍റെ അഭിഭാഷകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് സുപ്രീംകോടതി അക്ഷയ് താക്കൂര്‍ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി കോടതി തള്ളിയത്.

അതേസമയം, കേസിലെ പ്രതിയായ മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി കഴിഞ്ഞ 17ന് രാഷ്ട്രപതി തള്ളിയിരുന്നു.

എന്നാല്‍, പ്രതികളിലൊരാളായ വിനയ് ശര്‍മ ബുധനാഴ്ച വൈകുന്നേരത്തോടെ ദയാഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുകയാണ്. മുന്‍പ് ജീവിക്കാന്‍ ആഗ്രഹമില്ലാതിരുന്ന വിനയ് ശര്‍മയ്ക്ക് മാതാപിതാക്കളെ കണ്ടതിനുശേഷമാണ് മനംമാറ്റമുണ്ടായത് എന്ന് പറയപ്പെടുന്നു. രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന ദയാഹര്‍ജിയില്‍ ഇത് ഇയാള്‍ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, വധശിക്ഷ ഉറപ്പായപ്പോള്‍ നിര്‍ഭയ കേസിലെ പ്രതികള്‍ ഓരോരുത്തരായി നിയമപഴുതുകള്‍ തേടുന്ന തിരക്കിലാണ്.

ദയാഹര്‍ജി നല്‍കാന്‍ ജനുവരി 7 വരെയായിരുന്നു സമയം നല്‍കിയിരുന്നത്. ഈ സമയപരിധിക്കുള്ളില്‍ മുകേഷ് സിംഗ് മാത്രമാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. അത് രാഷ്‌ട്രപതി തള്ളുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് പുതിയ മരണ വാറണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്.

ഇപ്പോള്‍ പ്രതികള്‍ ഓരോരുത്തരായി ദയാഹര്‍ജി സമര്‍പ്പിക്കുന്നതിലൂടെ ഒരു കാര്യം വ്യക്തമാണ്‌. ഏതു വിധേനയും കൊലക്കയറില്‍ നിന്നും രക്ഷപെടണം. വധശിക്ഷ നടപ്പാക്കുന്നത് ദീര്‍ഘിപ്പിക്കണം, ആ ഒരു ലക്ഷ്യം മാത്രമാണ് പ്രതികളുടെ മുന്‍പില്‍ എന്നത് അവര്‍ കൈക്കൊള്ളുന്ന നടപടികള്‍ തെളിയിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here