gnn24x7

‘രാജ്യത്ത് മോദിയെ നേരിടുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി’; അരുന്ധതി റോയ്

0
174
gnn24x7

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മറക്കുന്നതിന് വേണ്ടി മോദി സര്‍ക്കാര്‍ വര്‍ഗ്ഗീയ പശ്ചാത്തലം ഉണ്ടാക്കുകയാണെന്ന് അരുന്ധതി റോയ്. സര്‍ക്കാരിന്റെ ഉദാസീനതയ്‌ക്കെതിരെ പ്രതികരിക്കുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മാത്രമാണെന്നും അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്നും അരുന്ധതി റോയ് പറഞ്ഞു

ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍, ചിന്തകന്‍ താരിഖ് അലി എന്നിവരുമായി നടത്തിയ വെര്‍ച്വല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി. രാജ്യത്ത് സാമ്പത്തിക തകര്‍ച്ച അങ്ങേയറ്റത്താണ്. അതില്‍ നിന്ന് തിരിച്ചു വരുമെന്ന പ്രതീക്ഷയില്ല. ജനങ്ങളുടെ ശ്രദ്ധയെ വഴിതെറ്റിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ വര്‍ഗ്ഗീയ അന്തരീക്ഷം രൂപപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.

പലായനമാണ് നടന്നു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ രണ്ട് കാര്യങ്ങളാണ് ചെയ്തത്. ദേശീയ വിഭവങ്ങളെ മുഴുവന്‍ സ്വകാര്യവത്കരിച്ചു. എല്ലാത്തിനെയും സ്വകാര്യവത്കരിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ വിദ്യാഭ്യാസത്തെ സ്വകാര്യവത്കരിച്ചു. അതില്‍ നിന്ന് അരികുവത്കരിക്കപ്പെട്ടവരെ ഒഴിവാക്കി. ദളിതര്‍ അതിന് പുറത്താണ്. നിരവധി മനുഷ്യര്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമല്ല. ഇത് അടിക്ക് മേല്‍ അടി കിട്ടുന്നത് പോലെയാണെന്നും അരുന്ധതി റോയ് പറഞ്ഞു.

ജനങ്ങള്‍ നേരിടുന്ന കൊവിഡ്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ അന്തരീക്ഷം മാറ്റുകയാണ് ഹിന്ദു ദേശീയത ഉയര്‍ത്തിപ്പിടിച്ചും മുസ്‌ലിം വിരുദ്ധത അഴിച്ചു വിട്ടും. അവര്‍ വിദ്വേഷം വില്‍ക്കുകയാണ്. ശക്തരായ മധ്യവര്‍ഗവും മാധ്യമങ്ങളും മഹാനായി പ്രതിഷ്ഠിക്കുന്നതിനാല്‍ മോദിയ്ക്ക് എന്തും വില്‍ക്കാനാവും. കഷണ്ടിയുള്ള ഒരാള്‍ക്ക് ചീര്‍പ്പ് വരെ മോദി വില്‍ക്കും. വ്യവസായികള്‍ക്കിടയിലും മാധ്യമങ്ങള്‍ക്കിടയിലും ഒരു തരം ഭയം നിലനില്‍ക്കുന്നുവെന്നും അരുന്ധതി റോയ് പറഞ്ഞു.

രാജ്യത്ത് പ്രതിപക്ഷമില്ലേ എന്ന് താരിഖ് അലി അരുന്ധതി റോയോട് ചോദിച്ചു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന കേരളത്തെ പോലെ ചില സ്ഥലങ്ങളുണ്ട് ഇന്ത്യയില്‍ എന്ന് അരുന്ധതി റോയ് പ്രതികരിച്ചു.

മോദിയെ നേരിടുന്ന ഒറ്റ രാഷ്ട്രീയ നേതാവേ ഉള്ളൂ, അത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെങ്കിലും അദ്ദേഹം മോദിയെ എതിര്‍ക്കുന്നുണ്ട്. മറ്റുള്ളവരെല്ലാം സംസ്ഥാന പാര്‍ട്ടികളാണ്, അവര്‍ക്കെന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയിലാണ്. എന്താണതിന് കാരണമെന്ന് അറിയില്ല. എല്ലാവര്‍ക്കും പല തരത്തിലുള്ള കേസുകളുണ്ട്. അവരില്‍ ഓരോരുത്തരെയും പല തരത്തില്‍ നിശബ്ദരാക്കുകയോ അല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ട അവസ്ഥയോ ഉണ്ടാക്കിയിരിക്കുകയാണ്. എന്താണ് കാരണങ്ങളെന്ന് തനിക്കറിയില്ലെന്നും അരുന്ധതി റോയ് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here