gnn24x7

ഇന്ത്യയിലെ പ്രധാന ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

0
188
gnn24x7

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രധാന ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസയച്ച് സുപ്രീം കോടതി. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിലേക്ക് അടക്കാനുള്ള എ.ജി.ആര്‍ കുടിശ്ശികയായ 1.47 ലക്ഷം കോടി രൂപ അടയ്ക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി കമ്പനികള്‍ക്ക് കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ചത്.

ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍, ഐഡിയ -വോഡഫോണ്‍, എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ടാറ്റ ടെലി കമ്മ്യൂണിക്കേഷന്‍ എന്നീ കമ്പനികള്‍ക്കെതിരെയാണ് സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചത്.

കമ്പനികള്‍ക്ക് മാര്‍ച്ച് 17ന് കോടതിയില്‍ ഹാജരാകാനും നിര്‍ദേശമുണ്ട്. കോടതി അലക്ഷ്യത്തിന് കേസെടുത്തതില്‍ ഏതെങ്കിലും വിധത്തിലുള്ള എതിര്‍പ്പുണ്ടെങ്കില്‍ എന്ത് കൊണ്ട് കേസെടുത്തുകൂട എന്ന കാര്യം കമ്പനികള്‍ കോടതിയില്‍ വ്യക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ടെലികോം കമ്പനികളെ എ.ജി.ആര്‍ കുടിശ്ശിക നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കാന്‍ മടിക്കുന്ന ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ നടപടിയേയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരില്‍ അടയ്‌ക്കേണ്ട തുക അടക്കാത്ത വമ്പന്‍ കമ്പനികളെ സംരക്ഷിക്കുന്ന നിലപാട് എന്ത് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു.

”ഇതുവരെയായും ഒരു പൈസ പോലും ടെലികോം കമ്പനികള്‍ അടച്ചിട്ടില്ല. കമ്പനികളെ കൊണ്ട് തുക അടപ്പിക്കുന്നതിന് പകരം കോടതി ഉത്തരവിന് സ്റ്റേ വാങ്ങാനാണ് ഉദ്യേഗസ്ഥര്‍ ശ്രമിക്കുന്നത്”. കോടതി പറഞ്ഞു

എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ എന്നീ കമ്പനികളാണ് ഏറ്റവും കൂടുതല്‍ തുക അടയ്ക്കാന്‍ ഉള്ളത്. ടെലികോം മേഖലയില്‍ അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വലിയ തുക സര്‍ക്കാരിലേക്ക് അടയ്ക്കുന്നത് താങ്ങാന്‍ കഴിയില്ലെന്ന നിലപാടാണ് കമ്പനികള്‍ സ്വീകരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here