gnn24x7

തീവ്രവാദികൾക്കൊപ്പം കാറിൽ: കശ്മീരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയില്‍

0
231
gnn24x7

ശ്രീനഗർ: തീവ്രവാദികൾക്കൊപ്പം കാറിൽ സഞ്ചരിച്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. ജമ്മു കശ്മീർ ഡെപ്യൂട്ടി സുപ്രണ്ടന്റ് ദവീന്ദർ സിംഗിനെയാണ് ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ-ഇ-തയിബ തീവ്രവാദികൾക്കൊപ്പം കാറിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലഷ്കറെ ടോപ് കമാൻഡർ നവീദ് ബാബു, ഹിസ്ബുൾ അംഗം അൽ‌ത്താഫ് എന്നിവരാണ് ഇയാൾക്കൊപ്പം പിടിയിലായത്.

തീവ്രവാദികളെ കശ്മീരിൽ നിന്ന് കടക്കാൻ സഹായിക്കുന്നതിനിടെയാണ് പൊലീസ് ഇടപെടലെന്നാണ് സൂചന. കാറിൽ നിന്ന് രണ്ട് എകെ 47 തോക്കുകളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ ദവീന്ദർ സിംഗിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും രണ്ട് കൈത്തോക്കുകളും ഒരു എകെ 47 ഉം കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറിലും നവംബറിലുമായി കശ്മീരിലുണ്ടായ പതിനൊന്നോളം കൊലപാതകങ്ങളുടെ പിന്നിലുള്ളയാളാണ് ലഷ്കറെ ചീഫ് നവീദ് എന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നവീദിനെ കൃത്യമായി നിരീക്ഷിച്ച് വരികയായിരുന്നു. സഹോദരനെ ഇയാൾ ഫോൺ ചെയ്തതിനെ തുടർന്നാണ് നവീദിന്റെ ലൊക്കേഷൻ പൊലീസ് മനസിലാക്കിയത്.

തുടർന്ന് സംശയാസ്പദമായ വാഹനങ്ങൾ തടഞ്ഞ് നടത്തിയ പരിശോധനയിൽ തീവ്രവാദികൾക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥനും കുടുങ്ങുകയായിരുന്നു.രാഷ്ട്രപതിയിൽ നിന്ന് ധീരതയ്ക്കുള്ള മെഡൽ നേടിയിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് ദവീന്ദർ. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തീവ്രവാദികൾക്കൊപ്പം പിടിയിലായ സംഭവം ദൗർഭാഗ്യകരമെന്നാണ് അധികൃതരുടെ പ്രതികരണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here