gnn24x7

കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

0
190
gnn24x7

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ദുബായില്‍ നിന്നുമെത്തിയ കാസര്‍ഗോഡ്‌, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 

കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ കണ്ടതോടെ വിമാനത്താവളത്തില്‍ നിന്നുതന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 46ഉം 22ഉം വയസുള്ളവരെയാണ് നിരീക്ഷണത്തില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്. മൈസൂരിലെയും  ബാ൦ഗ്ലൂരിലെയും ആശുപത്രികളിലാണ് ഇവര്‍ നിരീക്ഷണത്തിലുള്ളത്.  

അതേസമയം, കാസര്‍ഗോഡ്‌ കൊറോണ സ്ഥിരീകരിച്ച വ്യക്തി കര്‍ണാടകയൊട്ടാകെ സഞ്ചരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്ന റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. റൂട്ട് മാപ്പ് ബന്ധപ്പെടുത്തി അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. 

നിലവില്‍ ഇതുവരെ 33 പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 23 രോഗവിമുക്തരും 7 മരണപ്പെട്ടവരും ഉള്‍പ്പടെ ആകെ 433 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തില്‍ 28 പേര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 

ഇതോടെ ആകെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി. കാസര്‍ഗോഡ്‌ ജില്ലയില്‍ 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേര്‍ക്കും ഏറണാകുളം ജില്ലയില്‍ രണ്ടും തൃശ്ശൂര്‍ പത്തനംതിട്ട എന്നിവിടങ്ങളില്‍ ഓരോ കേസുകളും വീതമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

നേരത്തെ രോഗവിമുക്തരായ നാല് പേരുള്‍പ്പടെ 95 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേരും ദുബായില്‍ നിന്നും വന്നവരാണ്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here