യുക്രൈനിലെ മെഡി. വിദ്യാർഥികൾ: 170പേർ മറ്റുരാജ്യങ്ങളിൽ പഠനംതുടരുന്നു; 382 പേരുടെ അപേക്ഷ തള്ളി

0
41
adpost

ന്യൂഡൽഹി: യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികളിൽ 170 പേർ മറ്റ് രാജ്യങ്ങളിൽ പഠനം തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ പഠനം തുടരാൻ അനുവദിക്കണമെന്ന 382 വിദ്യാർഥികളുടെ ആവശ്യം വിവിധ വിദേശ മെഡിക്കൽ കോളേജുകൾ നിരസിച്ചുവെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നുള്ള 15,783 വിദ്യാർഥികളാണ് യുക്രൈനിലെ വിവിധ മെഡിക്കൽ കോളേജുകളിൽ പഠനം നടത്തിയിരുന്നത്. ഇതിൽ 14,973 കുട്ടികൾ നിലവിൽ ഓൺലൈൻ മാർഗത്തിലൂടെ പഠനം തുടരുകയാണ്. 670 ഇന്ത്യൻ വിദ്യാർഥികൾ യുക്രൈനിലെ മെഡിക്കൽ കോളേജുകളിൽ ഓഫ്ലൈൻ ആയി പഠനം തുടരുന്നു. മോശം പഠന നിലവാരം, ഫീസ് അടയ്ക്കുന്നതിൽ മുടക്കം വരുത്തിയത്, സൗജന്യ സീറ്റുകളുടെ ലഭ്യത കുറവ് എന്നീ കാരണങ്ങളാലാണ് പഠനം തുടരാൻ അനുവദിക്കണമെന്ന 382 വിദ്യാർഥികളുടെ ആവശ്യം മറ്റ് രാജ്യങ്ങളിലെ മെഡിക്കൽ കോളേജുകൾ നിരസിച്ചതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പഠനം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തത്.

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ വിദ്യാർഥികൾക്ക് യുദ്ധ ഇരകളുടെ പദവി നൽകണമെന്ന് ഒരു വിഭാഗം വിദ്യാർഥികൾ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. മടങ്ങിയെത്തിയ വിദ്യാർഥികളാണ് ഈ ആവശ്യം സുപ്രീംകോടതിയിൽ ഉന്നയിച്ചത്. ജനീവ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് തങ്ങൾ അർഹരാണെന്നും വിദ്യാർഥികളുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെഹർജികൾ അടുത്ത ആഴ്ച്ചപരിഗണിക്കാനായി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മാറ്റി.

adpost

LEAVE A REPLY

Please enter your comment!
Please enter your name here