gnn24x7

രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി വസുന്ധര രാജെ

0
171
gnn24x7

ന്യൂദല്‍ഹി: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ, കേന്ദ്ര പ്രതിരോധ മന്ത്രിയും ബി.ജെ.പി നേതാവുമായ രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ. കോണ്‍ഗ്രസിനുള്ളില്‍ വിള്ളലുകള്‍ വീണിരിക്കുന്ന പശ്ചാത്തലത്തിലാണ് വസുന്ധര രാജെയുടെ നീക്കം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ദല്‍ഹിയില്‍ത്തന്നെയാണ് വസുന്ധര രാജെ.

ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുമായി രാജെ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം അവര്‍ പാര്‍ട്ടി നേതൃത്വവുമായി നടത്തുന്ന രണ്ടാമത്തെ ചര്‍ച്ചയാണ് ഇത്.

രാജസ്ഥാനില്‍ ഗെലോട്ട് ക്യാമ്പിനെ സഹായിക്കാന്‍ വസുന്ധര രാജെ ഇടപെടല്‍ നടത്തിയെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഈ കൂടിക്കാഴ്ചകളെല്ലാം. ഗെലോട്ട് സര്‍ക്കാരിനെ പരോക്ഷമായി സഹായിക്കുകയും പൈലറ്റ് ക്യാമ്പിനെ ബി.ജെ.പിക്കൊപ്പമെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കിയില്ലെന്നുമാണ് വസുന്ധര രാജെയ്ക്ക് എതിരെ ഉയരുന്ന ആരോപണം.

ആരോപണങ്ങളോട് വസുന്ധര ഇതുവരെ പ്രത്യക്ഷമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, പാര്‍ട്ടിയുടെ വിശ്വസ്ത അംഗമെന്ന നിലയില്‍ പാര്‍ട്ടി ആദര്‍ശങ്ങളോട് താന്‍ പ്രതിജ്ഞാബന്ധയായിരിക്കുമെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നു. ചിലര്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

ഓഗസ്റ്റ് 14ന് സംസ്ഥാനത്ത് നിര്‍ണായക നിയമസഭാ സമ്മേളനം നടക്കാനിരിക്കെ, ദേശീയ നേതാക്കളുമായി സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം വസുന്ധര ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. ഗെലോട്ട് സര്‍ക്കാരിന്റെ വിധി നിര്‍ണയത്തിലേക്കാം ഈ ചര്‍ച്ചകള്‍ വിരല്‍ ചൂണ്ടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ഇടഞ്ഞതുമുതല്‍ വസുന്ധര രാജെ മൗനം പാലിക്കുകയായിരുന്നു. പ്രതിസന്ധിക്ക് പിന്നാലെ സംസ്ഥാനത്ത് ബി.ജെ.പിയുടെ യോഗങ്ങളില്‍നിന്നും അവര്‍ വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍, നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടാവുമെന്നാണ് സൂചന. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷുമായും രാജെ കൂടിക്കാഴ്ച നടത്തി.

എന്നാല്‍, ഈ യോഗങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വസുന്ധര രാജെയുടെ മൗനം ബി.ജെ.പിക്കുള്ള തിരിച്ചടിയായിരിക്കുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്നും ഉയരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here