gnn24x7

ഉയർന്ന മാർക്കോടെ സർവകലാശാലാ ബിരുദംനേടി 96 വയസുകാരൻ ചരിത്രമെഴുതി

0
199
gnn24x7

ഇറ്റലി: ഉയർന്ന മാർക്കോടെ സർവകലാശാലാ ബിരുദംനേടി 96 വയസുകാരൻ ചരിത്രമെഴുതി. തെക്കൻ ഇറ്റലിയിലെ സിസിലിയിൽ നിന്നുള്ള ജൂസേപ്പേ പതേർനോയാണ് ജീവിത സായാഹ്നത്തിൽ ബിരുദം കരസ്ഥമാക്കി ശ്രദ്ധനേടിയത്. ഏറെ പുരാതനമായ പലേർമോ സർവകലാശാലയിൽനിന്ന് ഫിലോസഫി, ചരിത്രം എന്നീ വിഷയങ്ങളിലാണ് ജൂസേപ്പേ പതേർനോ ബിരുദം നേടിയത്.

തന്റെ ബിരുദ സർട്ടിഫിക്കറ്റും, ബിരുദധാരികൾക്ക് പരമ്പരാഗതമായി നൽകുന്ന പുരസ്കാരവും സ്വീരിക്കുന്നതിനായി പതേർനോ വേദിയിലെത്തിയപ്പോൾ സദസ് മുഴുവൻ എഴുന്നേറ്റുനിന്ന് ആദരിച്ചു. തന്നേക്കാൾ 70 വർഷത്തിലധികം ജൂനിയറായ അധ്യാപകരും സഹപാഠികളുമുൾപ്പെടെയുള്ളവർ പതേർനോയുടെ അസുലഭ നേട്ടത്തിൽ കരഘോഷം മുഴക്കി. അദ്ദേഹത്തിന്റെ മക്കളും മരുമക്കളും ചെറുമക്കളും അഭിമാനത്തോടെ ചടങ്ങിനെത്തിയിരുന്നു.

കംപ്യൂട്ടർ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഒഴിവാക്കി പഴയൊരു ടൈപ്പ്റൈറ്റർ ഉപയോഗിച്ചായിരുന്നു പതേർനോ പഠനോപാധികൾ തയാറാക്കിയിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. സർവകലാശാലാ ബിരുദം നേടുന്ന ഇറ്റലിയിലെ ഏറ്റവും പ്രായംചെന്ന വിദ്യാർഥിയെന്ന റെക്കോർഡിന് ഉടമയായിമാറിയ പതേർനോയ്ക്ക് കുട്ടിക്കാലത്ത് അടിസ്ഥാന വിദ്യാഭ്യാസം മാത്രമേ ലഭിച്ചിരുന്നുള്ളൂ. 31 വയസുള്ളപ്പോഴാണ് അദ്ദേഹം ഹൈസ്കൂൾ ഗ്രാജുവേഷൻ നേടിയത്.

ദാരിദ്ര്യത്തിൽ വളർന്ന പതേർനോ നാവികസേനയിൽ ചേരുകയും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനായി സൈനികസേവനം അവസാനിപ്പിക്കുകയും റെയിൽവേയിൽ ജോലിനേടുകയും ചെയ്തു. ചെറുപ്പക്കാരായ വിദ്യാർഥികൾക്ക് ജൂസേപ്പേ പതേർനോ ഒരു ഉജ്വലമാതൃകയാണെന്ന് പലേർമോ സർവകലാശാലാ റെക്ടർ പ്രഫ. ഫബ്രീസിയോ മികാരി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here