വിദേശത്ത് നിന്ന് വരുന്നവരിൽ രണ്ട് ശതമാനം പേരെ ആർ റ്റി പി സി ആർ പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശം. ഏതെങ്കിലും 2 ശതമാനം പേരെ പരിശോധിച്ച് അതിൽ പോസിറ്റീവ് ആകുന്ന സാമ്പിളുകൾ ജനിതക ശ്രേണികരണത്തിന് അയയ്ക്കാനാണ് നിർദേശം.
രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കൊവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾക്കുള്ള പുതുക്കിയ മാർഗ്ഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്. സാമ്പിൾ ശേഖരിക്കുന്നത് മുതൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ വരെ ഓരോ ഘട്ടത്തിലും സൂക്ഷ്മമായി നിരീക്ഷിക്കുകയും രോഗത്തെ സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ആയിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.