gnn24x7

പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വന്‍ ബിറ്റ്കോയിന്‍ തട്ടിപ്പ്

0
182
gnn24x7

കോടീശ്വരന്മാരായ ബില്‍ ഗേറ്റ്സ്,ജെഫ് ബെസോസ്,എലോണ്‍ മസ്‌ക്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തുടങ്ങിയ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വന്‍ ബിറ്റ്കോയിന്‍ തട്ടിപ്പ്. ‘ട്വിറ്ററിനെ സംബന്ധിച്ച് ഏറ്റവും മോശം ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ. സംഭവിച്ചതിനെ ഏറെ ഞെട്ടലോടെയാണ് കാണുന്നത്.’ ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സേ അറിയിച്ചു.

ക്രിപ്റ്റോകറന്‍സിയിലൂടെയുള്ള സംഭാവനകള്‍ ബരാക് ഒബാമ,അമേരിക്കന്‍ ജോ ബെയ്ഡന്‍,കെയിന്‍ വെസ്റ്റ് എന്നിവര്‍ ആവശ്യപ്പെട്ടതായി ലക്ഷക്കണക്കിന് ഫോളോവര്‍മാര്‍ക്കാണ് സന്ദേശം ലഭിച്ചത്. ആയിരം ഡോളര്‍ അയച്ചുതന്നാല്‍ 2000 ഡോളര്‍ തിരികെ നല്‍കാമെന്ന നിരവധി സന്ദേശം തന്റെ പേരിലും വന്നതായി ബില്‍ ഗേറ്റ്സും പരാതിപ്പെട്ടിട്ടുണ്ട്. ആഗോളതലത്തില്‍ 373 ല്‍ അധികം ഉപയോക്താക്കള്‍ കബളിപ്പിക്കലിന് ഇരയായെന്നും അവര്‍ക്ക് മൊത്തം 89 ലക്ഷം രൂപയോളം നഷ്ടപ്പെട്ട ശേഷമാണ് ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ ചുവടുവച്ചതെന്നും അനൗദ്യോഗിക വൃത്തങ്ങള്‍ കണ്ടെത്തി.

ട്വിറ്ററിലെ ജീവനക്കാരുടെ സംവിധാനത്തിലൂടെ കമ്പനിയുടെ രഹസ്യ സംവിധാനങ്ങളില്‍ കടന്നാണ് തട്ടിപ്പു നടന്നിരിക്കുന്നത്. ആഗോളതലത്തില്‍ പലയിടത്തായി ഇരുന്നാണ് കള്ള സന്ദേശം അയച്ചിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.തട്ടിപ്പു നടന്നതായി സമ്മതിച്ച ട്വിറ്റര്‍ വിവിധ സാധ്യതകളാണ് ഇതുമായി ബന്ധപ്പെട്ട് സംശയിക്കുന്നത്. പ്രമുഖരുടെ അക്കൗണ്ടില്‍ കയറി നിരവധി ഔദ്യോഗിക അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിക്കലാണ് തട്ടിപ്പു സംഘം ഉദ്ദേശിച്ചതെന്നാണ് ട്വിറ്റര്‍ പറയുന്നത്. എന്നാല്‍ ആഗോള തലത്തില്‍ എത്രയാളുകള്‍ക്ക് എത്ര തുക നഷ്ടപ്പെട്ടുവെന്നറിയില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും ബ്രിട്ടണിലെ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ്സൈറ്റില്‍ ദശലക്ഷക്കണക്കിന് അനുയായികളുള്ള ബെസോസ്, ഗേറ്റ്‌സ്, മസ്‌ക് എന്നിവര്‍ ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 ആളുകളില്‍ ഉള്‍പ്പെടുന്നു.  എലോണ്‍ മസ്‌കിന്റെ അക്കൗണ്ടില്‍ നിന്ന് അയച്ച സന്ദേശം: ‘ ചുവടെയുള്ള എന്റെ വിലാസത്തിലേക്ക് അയച്ച എല്ലാ ബിറ്റ്‌കോയിനുകളും ഇരട്ടി തുക മടക്കി അയയ്ക്കും. നിങ്ങള്‍  1,000 ഡോളര്‍ അയച്ചാല്‍, ഞാന്‍  2,000 മടക്കി അയയ്ക്കും.’ ബില്‍ ഗേറ്റ്‌സിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് പ്രചരിച്ചതും സമാന സന്ദേശമായിരുന്നു.

ഏകോപിപ്പിച്ച സോഷ്യല്‍ എഞ്ചിനീയറിംഗ് ആക്രമണമാണു നടന്നതെന്നും ബന്ധപ്പെട്ട അക്കൗണ്ടുകള്‍ ഉടന്‍ പൂട്ടി അക്രമികള്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ നീക്കം ചെയ്‌തെന്നും സോഷ്യല്‍ മീഡിയ സേവന സ്ഥാപനം അറിയിച്ചു. ഉപയോക്താക്കളുടെ ട്വിറ്റര്‍ അക്കൗണ്ട് സുരക്ഷ  ഇതോടെ കൂടുതല്‍ സംശയിക്കപ്പെടുന്നതായി ക്രിപ്റ്റോ വിദഗ്ധന്‍ ബെന്‍സണ്‍ സാമുവല്‍ പറഞ്ഞു. ക്രിപ്‌റ്റോ ബൂം ആരംഭിച്ചപ്പോള്‍, ധാരാളം ആളുകള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുകയും മറ്റുള്ളവരോട് അജ്ഞാത അക്കൗണ്ടുകളിലേക്ക് ബിറ്റ്‌കോയിനുകള്‍ അയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം തട്ടിപ്പുകള്‍ മുന്‍കാലങ്ങളിലും നടന്നിട്ടുണ്ടെന്ന് ജിയോട്ടസ് ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകനും സിഒഒയുമായ അര്‍ജുന്‍ വിജയ് പറഞ്ഞു. എന്നാല്‍ ഈ തോതില്‍ ഇത്ര ഏകോപിപ്പിച്ച ആക്രമണമായിരുന്നില്ല അതൊന്നും. ഇക്കുറി  ഒരേ സമയം ഒന്നിലധികം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു.ഒരേ ട്വീറ്റുകള്‍ ഒരേ സൈറ്റിലേക്ക് ഉപയോക്താക്കളെ നയിച്ചു. ഒരു നിക്ഷേപകനെന്ന നിലയില്‍, വളരെ ചുരുങ്ങിയ കാലയളവില്‍ വേഗത്തില്‍ പണം സമ്പാദിക്കാനുള്ള അവസരം നല്‍കുന്ന വിവരങ്ങളോ പദ്ധതികളോ നിങ്ങള്‍ എല്ലായ്‌പ്പോഴും സംശയിക്കണം- അര്‍ജുന്‍ വിജയ് മുന്നറിയിപ്പു നല്‍കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here