വുഹാൻ: കൊറോണ വൈറസ് പടർന്നുപിടിച്ച വുഹാനിൽ പ്രത്യേക ആശുപത്രി നിർമിക്കാൻ ചൈന തയ്യാറെടുക്കുന്നു. 2003ൽ സാർസ് പടർന്നുപിടിച്ചപ്പോൾ ബീജിങ്ങിൽ നിർമിച്ച ആശുപത്രിയുടെ മാതൃകയിലാണ് വുഹാനിലെ കൈഡിയാനിൽ പുതിയ ആശുപത്രി നിർമിക്കുന്നത്. വെറും ആറുദിവസത്തിനകം ആശുപത്രി നിർമാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.
വുഹാൻ പ്രോജക്ട് മാനേജർക്കാണ് പുതിയ ആശുപത്രിയുടെ നിർമാണത്തിനുള്ള ചുമതല. ആശുപത്രി നിർമാണത്തിന് ആവശ്യമുള്ള സാധനസാമഗ്രികൾ നിർദിഷ്ട സ്ഥലത്ത് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ആശുപത്രി നിർമിച്ചുകഴിഞ്ഞാൽ അവിടെ സ്ഥാപിക്കേണ്ട ഉപകരണങ്ങൾ, കിടക്കകൾ, ലിഫ്റ്റുകൾ, എക്സകവേറ്ററുകൾ എന്നിവയും സ്ഥലത്തെത്തിക്കാൻ തുടങ്ങി.
20000 ചതുരശ്ര മീറ്റർ ചുറ്റളവുള്ള കെട്ടിടമാണ് ആശുപത്രിക്കുവേണ്ടി നിർമിക്കുന്നത്. ഷിയിൻ തടാകത്തിന്‍റെ തീരത്താണ് പുതിയ ആശുപത്രി കെട്ടിടം ഉയരുന്നത്. വുഹാൻ നഗരത്തിൽനിന്ന് 16 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ആശുപത്രിയിലേക്ക് വേണ്ട ഡോക്ടർമാർ, നഴ്സുമാർ, തുടങ്ങി ആശുപത്രി ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞു.