തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണു മാഫിയ യുവാവിനെ കൊലപ്പെടുത്തി. സ്വന്തം ഭൂമിയില്‍ നിന്ന് അനുവാദമില്ലാതെ മണ്ണെടുത്തത് തടയാന്‍ ശ്രമിച്ച അമ്പലത്തിന്‍കാല ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്.
മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് കൊണ്ട് ഇടിച്ചാണ് കൊല. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. കൊലയ്ക്ക് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഗീതിന്‍റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം സംഗീതിനെ കൊലപ്പെടുത്തിയ പ്രതികളെ തനിക്കറിയാവുന്നവരാണെന്ന് ഭാര്യ സംഗീത പറഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഭർത്താവിനെ ഈ സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നും സംഗീത പറഞ്ഞു.