gnn24x7

ചൈനീസ് നഗരമായ ഷെന്‍സെനില്‍ വന്യജീവികളുടെ ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം

0
187
gnn24x7

ബീജിങ്: കൊവിഡ്-19 പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് നഗരമായ ഷെന്‍സെനില്‍ വന്യജീവികളുടെ ഇറച്ചി വില്‍പ്പനയ്ക്ക് നിരോധനം. കൊവിഡുള്‍പ്പെടെ ഭാവിയില്‍ വരാനിടയുള്ള മഹാമാരികളെ തടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് കൊവിഡ്-19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ നഗരത്തിലെ ഒരു ഇറച്ചിക്കടയില്‍ നിന്നാണ് കൊവിഡിനു കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ കടയില്‍ പല്ലിവര്‍ഗത്തിലെ ജീവികള്‍, മരപ്പട്ടിയുടെ തുടങ്ങിയ വന്യജീവികളുടെ മാംസ വില്‍പ്പന നടന്നിരുന്നു.

വുഹാന്‍ നഗരത്തിലെ പോലെ തന്നെ വന്യജീവികളുടെ ഇറച്ചിക്ക് പ്രശസ്തമാണ് ഷെന്‍സന്‍ നഗരം ഉള്‍പ്പെടുന്ന തെക്കന്‍ ഭാഗവും. ചൈനയുടെ തെക്കന്‍ ഭാഗത്താണ് 2002 പടര്‍ന്നു പിടിച്ച സാര്‍സ് വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

നേരത്തെ ഷെന്‍സന്‍ നഗരത്തില്‍ വന്യജീവികളുടെ ഇറച്ചി വില്‍പ്പന കൊവിഡ് പടര്‍ന്നു പിടിച്ച ഘട്ടത്തില്‍ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. ഇപ്പോഴാണ് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തുന്നത്.

നിരോധനം മറികടന്ന് വന്യജീവി മാസം വില്‍പ്പന നടത്തിയാല്‍ 150000 യുവാനാണ് പിഴയായി നല്‍കേണ്ടത്. അതേസമയം മരുന്ന് നിര്‍മാണത്തിനായി ഇവിടെ വന്യജീവികളെ ഉപയോഗിക്കുന്നതില്‍ വിലക്കില്ല.

കൊവിഡ്-19, സാര്‍സ് എന്നീ രണ്ടു വൈറസ് ബാധയും ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയില്‍ നിന്നാണ്. ഈ രണ്ടു രോഗങ്ങള്‍ക്കും ചൈനയിലെ വന്യജീവി മാംസ വില്‍പ്പനയുമായി ബന്ധമുണ്ടായിരുന്നു.

2002-2003 ലായി പടര്‍ന്നു പിടിച്ച സാര്‍സ് പകര്‍ച്ച വ്യാധി ലോകത്താകമാനം 8000 പേര്‍ക്കാണ് ബാധിച്ചത്. 800 ഓളം പേര്‍ മരണപ്പെട്ടു. ആകെ 26 രാജ്യങ്ങളിലാണ് സാര്‍സ് പടര്‍ന്നു പിടിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പടര്‍ന്നു പിടിച്ച കൊവിഡ്-19 ചൈനയില്‍ 3312 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകമാനം മരണം 47000 കടന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here